ദുബൈ വ്യാപാര ലൈസന്‍സുകളില്‍ റെക്കോര്‍ഡ് വര്‍ധന

Posted on: July 16, 2017 8:33 pm | Last updated: July 16, 2017 at 8:33 pm

ദുബൈ: നടപ്പു വര്‍ഷത്തിന്റെ ആദ്യത്തെ ആറുമാസങ്ങള്‍ക്കിടയില്‍ ദുബൈ വ്യാപാര മേഖലലൈസന്‍സില്‍ റെക്കോര്‍ഡ് വര്‍ധന. ദുബൈ സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള ബിസിനസ്സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം 10,455 ലൈസന്‍സുകളാണ് ആദ്യ ആറ് മാസങ്ങള്‍ക്കിടയില്‍ വിവിധ വ്യാപാര സംരംഭങ്ങള്‍ക്കായി നല്‍കിയതെന്ന് അറിയിച്ചു. പ്രതി ദിനം 1,743 ലൈസന്‍സുകള്‍ അനുവദിച്ചാണ് സാമ്പത്തിക കാര്യ വകുപ്പ് ഈ റെക്കോര്‍ഡിലേക്കെത്തിയത്. ഈ കാലയളവില്‍ 71,831 പഴയ ലൈസന്‍സുകള്‍ പുതുക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബൈ നഗരത്തിന്റെ സുസ്ഥിര വളര്‍ച്ചയോടൊപ്പം വ്യാപാര സംരംഭങ്ങളും വളരുന്നതായാണ് ഈ പ്രവണത ചൂണ്ടിക്കാട്ടുന്നത്. മെച്ചപ്പെട്ട വ്യാപാര സാഹചര്യമാണ് ദുബൈ നഗരത്തില്‍ ഉള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

73 ശതമാനം വ്യാപാര ലൈസന്‍സുകള്‍, 23.4 ശതമാനം പ്രഫഷണല്‍ ലൈസന്‍സുകള്‍, 1.9 ശതമാനം വ്യാവസായിക ലൈസന്‍സുകള്‍, 1.7 ശതമാനം ടൂറിസം ലൈസന്‍സുകള്‍ തുടങ്ങിയവയാണ് ആദ്യത്തെ ആറുമാസത്തില്‍ അധികൃതര്‍ അനുവദിച്ചിട്ടുള്ളത്. ദുബൈ നഗരം ലോകത്തെ പ്രധാനമായ വ്യാപാരയിടമായി വളരുന്നുവെന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യകരമായ മാത്സര്യ അന്തരീക്ഷം നിലനിര്‍ത്തി സംരംഭകര്‍ക്ക് ആഗോളതലത്തില്‍ മികച്ച രീതിയിലുള്ള വ്യാപാര ബന്ധങ്ങള്‍ ഒരുക്കിയെടുക്കുന്നതിന് ദുബൈ അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയാണ് കൂടുതല്‍ പേരെ വ്യാപാര മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.