Connect with us

Gulf

ദുബൈ മെട്രോക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നു

Published

|

Last Updated

ആര്‍ ടി എ സംഘം ഫ്രാന്‍സിലെ മെട്രോ കോച്ച് നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ദുബൈയിലേക്ക് കൂടുതല്‍ മെട്രോ ബോഗികള്‍ എത്തുന്നു. അത്യാധുനിക സംവിധാങ്ങളോട് കൂടിയതും കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളുന്നതുമായ ബോഗികളോട് കൂടിയ 50 മെട്രോ ട്രെയിനുകളാണ് എത്തുന്നത്. ട്രെയിനുകള്‍ ചുവപ്പ് പാതയുടെയും പച്ച പാതയുടെയും റൂട്ട് 2020യുടെയും ഭാഗമാവും. നിലവില്‍ 79 ട്രെയിനുകളാണ് പച്ച, ചുവപ്പ് പാതകളില്‍ സേവനം നടത്തുന്നത്. പുതിയതായി ആര്‍ ടി എയുടെ ഭാഗമാകുന്ന മെട്രോകളില്‍ 35 എണ്ണം നിലവിലെ ചുവപ്പ്, പച്ച പാതകളില്‍ ഗതാഗതം നടത്തും. റൂട്ട് 2020 പാതക്കായി 15 പുതിയ മെട്രോകളാണ് എത്തുക.

ലോക പ്രശസ്ത മെട്രോ കോച്ച് നിര്‍മാണ കമ്പനിയായ ഫ്രാന്‍സിലെ അല്‍സ്റ്റോമിനാണ് പുതിയ മെട്രോ ട്രെയിനുകളുടെ നിര്‍മാണ ചുമതല. പുതിയ ട്രെയിനില്‍ ഉള്‍ഭാഗത്തെ രൂപ കല്‍പ്പന നവീന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ സീറ്റുകള്‍, യാത്രക്കാര്‍ക്ക് സുഗമമായി നിന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, യാത്രക്കാരുടെ ലഗേജുകള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക അറകള്‍ എന്നിവ പുതിയ മെട്രോ ട്രെയിനുകളുടെ പ്രത്യേകതകളാണ്.
ആര്‍ ടി എ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ കമ്പനി ആസ്ഥാനത്തു സന്ദര്‍ശിച്ചു മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍, ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹ്മദ് ബഹ്‌റൂസിയാന്‍, ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്രാഹിം തുടങ്ങിയവരടങ്ങുന്നതായിരുന്നു വിദഗ്ധ സംഘം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക ക്യാബിന്‍, ഗോള്‍ഡ്-സില്‍വര്‍ ക്യാബിനുകള്‍ എന്നിവയുടെ ഉള്‍ഭാഗം നവീന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗോള്‍ഡ് ക്ലാസ്സില്‍ തിരശ്ചീനമായും സില്‍വര്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള കാബിനുകളിലും നിലവിലെ സീറ്റിംഗ് സമ്പ്രദായമാണ് തുടരുകയെന്ന് എന്‍ജി മതാര്‍ അല്‍ തായര്‍ പറഞ്ഞു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാം, ഇലക്ട്രിക്ക് ബസ് തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന ഫാക്ടറികളും സംഘം സന്ദര്‍ശിച്ചു.