Connect with us

Sports

വിംബിള്‍ഡണ്‍ കിരീടപ്പോരാട്ടം ഇന്ന്; ഫെഡററും സിലിചും നേര്‍ക്കുനേര്‍

Published

|

Last Updated

ലണ്ടന്‍: എട്ടാം വിംബിള്‍ഡണ്‍ തേടി ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം റോജര്‍ ഫെഡറര്‍ ഇന്ന് റാക്കറ്റെടുക്കും. സ്വിസ് താരത്തെ ഏത് വിധേനയും പ്രതിരോധിക്കുക എന്ന ദൃഢനിശ്ചയവുമായി ക്രൊയേഷ്യയുടെ മരിന്‍ സിലിച് മറുഭാഗത്തും. പുരുഷ വിഭാഗം വിംബിള്‍ഡണ്‍ ഫൈനലില്‍ തീപാറുന്ന പോരാട്ടം ഉറപ്പിക്കാം. വനിതാ ഫൈനലിന് വീനസ് ഇറങ്ങിയതിന് സമാനമാണ് ഫെഡറര്‍ പുരുഷഫൈനലിന് ഇറങ്ങുന്നത്.

ജയിച്ചാല്‍ വിംബിള്‍ഡണ്‍ ആധുനിക യുഗത്തിലെ ഏറ്റവും പ്രായമേറിയ പുരുഷ ചാമ്പ്യന്‍ പട്ടം മുപ്പത്താറുകാരനായ ഫെഡറര്‍ക്ക് സ്വന്തമാകും. 1975 ല്‍ മുപ്പത്തിരണ്ടാം വയസില്‍ വിംബിള്‍ഡണ്‍ ജേതാവായ ആര്‍തര്‍ ആഷെയുടെ റെക്കോര്‍ഡാണ് പഴങ്കഥയാവുക.

പതിനെട്ട് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡും ഫെഡററുടെ പേരിലാണ്. ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ചാമ്പ്യനായ ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്ന് വിട്ടുനിന്നത് വിംബിള്‍ഡണില്‍ പൂര്‍ണ ആരോഗ്യത്തോടെ കളിക്കാന്‍ വേണ്ടിയായിരുന്നു. വ്യക്തമായ പദ്ധതിയോടെ കരിയര്‍ നീട്ടിക്കൊണ്ടു പോകുന്ന ഫെഡറര്‍ മറ്റ് ചാമ്പ്യന്‍ താരങ്ങള്‍ക്ക് മാതൃകയാവുന്ന കാഴ്ച. ഫ്രഞ്ച് ഓപണ്‍ നേടിക്കൊണ്ട് റാഫേല്‍ നദാല്‍ നഷ്ടപ്രതാപം വീണ്ടെടുത്തത് മറ്റൊരു മാതൃകയായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് താരം ആന്‍ഡി മുറെയും സെര്‍ബിയയുടെ നൊവാക് ജൊകോവിചും വിശ്രമമില്ലാതെ കളിച്ച് കരിയറില്‍ തിരിച്ചടി നേരിടുകയാണ്.

ഇന്ത്യന്‍ വെല്‍സ്, മിയാമി, ഹാലെ എന്നിവിടങ്ങളില്‍ ജേതാവായ ഫെഡറര്‍ പതിയെ ഗ്രാന്‍സ്ലാമുകളിലും തന്റെ കാലം തിരികെ കൊണ്ടു വരികയാണ്. 2016 ല്‍ പരുക്കേറ്റ് പിന്‍മാറിയ ഫെഡറര്‍ ഈ വര്‍ഷാദ്യം തന്നെ തുടര്‍ കിരീട ജയങ്ങളുമായി ഫോമിലേക്കുയര്‍ന്നു. ഈ തിരിച്ചുവരവ് തന്നെ അതിശയിപ്പിച്ചുവെന്ന് ഫെഡറര്‍ പറയുന്നു.
ഇന്നത്തെ ഫൈനല്‍ ഗ്രാന്‍സ്ലാമുകളില്‍ ഫെഡററുടെ നൂറ്റിരണ്ടാം മത്സരമാണ്. മേജര്‍ ടൂര്‍ണമെന്റുകളില്‍ സ്വിസ് താരത്തിന്റെ ഇരുപത്തൊമ്പതാം ഫൈനലും. വിംബിള്‍ഡണില്‍ ചരിത്രം സൃഷ്ടിക്കുവാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. തനിക്കേറെ ഇഷ്ടമുള്ള കളിത്തട്ടാണിത്.

ഏഴ് വിംബിള്‍ഡണ്‍ നേടിയ പീറ്റ് സാംപ്രാസിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഫെഡറര്‍ ഇപ്പോള്‍. 2012 ല്‍ ആന്‍ഡി മുറെയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന വിംബിള്‍ഡണ്‍ ഉയര്‍ത്തിയത്.ഒത്ത ഉയരമുള്ള ക്രൊയേഷ്യന്‍ താരം മരിന്‍ സിലിചിലേക്ക് ടെന്നീസ് ലോകം ഉറ്റുനോക്കുന്നുണ്ട്. അട്ടിമറിക്ക് പേരു കേട്ട താരമാണ് സിലിച്. ശക്തമായ സെര്‍വുകളാണ് സിലിചിന്റെ പ്രത്യേകത.

വിംബിള്‍ഡണ്‍ ഫൈനലില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ക്രൊയേഷ്യന്‍ താരമാണ് സിലിച്. 2001 ല്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഗോരാന്‍ ഇവാനിസെവിചിന്റെ പാത പിന്തുടര്‍ന്നാണ് സിലിച് ഇത്തവണ ഫൈനലിലെത്തിയിരിക്കുന്നത്. വനിതാ ഫൈനലില്‍ സ്പാനിഷ് താരം മുഗുരുസ ചരിത്രം സൃഷ്ടിച്ചത് പോലെ പുരുഷ ഫൈനലില്‍ ക്രൊയേഷ്യക്ക് വേണ്ടി ചരിത്രം സൃഷ്ടിക്കാനാകും സിലിച് പ്രയത്‌നിക്കുക. ഇത്തവണ വിംബിള്‍ഡണില്‍ 130 എയ്‌സുകള്‍ പായിച്ച സിലിചിനെതിരെ ഫെഡറര്‍ ജാഗ്രത പാലിക്കും.