മിഥാലി രാജിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് 266 റണ്‍സ് വിജയലക്ഷ്യം

Posted on: July 15, 2017 7:07 pm | Last updated: July 15, 2017 at 9:25 pm

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് 266 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി.

ഇന്ത്യന്‍ നായിക മിഥാലി രാജിന്റെ സെഞ്ച്വറി പ്രകടനവും വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.123 പന്തില്‍ 11 ബൗണ്ടറികള്‍ സഹിതം മിഥാലി 109 റണ്‍സെടുത്തു. 45 പന്തുകള്‍ നേരിട്ട വേദ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 70 റണ്‍സ് നേടി. 90 പന്തില്‍ 60 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിംഗ് പ്രകടനവും നിര്‍ണായകമായി.

കഴിഞ്ഞ ദിവസം, ആസ്‌ത്രേലിയക്കെതിരായ മത്സരത്തില്‍
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് മിഥാലി സ്വന്തമാക്കിയിരുന്നു. ഓസീസിനെതിരെ വ്യക്തിഗത സ്‌കോര്‍ 34 ല്‍ എത്തിയപ്പോഴായിരുന്നു മിഥാലി ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡുകാരി ചാര്‍ലറ്റ് എഡ്വാര്‍ഡ്‌സിനെ (5992) രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്.

മത്സരത്തില്‍ 69 റണ്‍സെടുത്ത മിഥാലി ഏകദിനത്തില്‍ ആറായിരം റണ്‍സ് ക്ലബ്ബിലെത്തുന്ന ആദ്യ വനിതാ താരവുമായി. മുപ്പത്തിനാലാം വയസിലെത്തി നില്‍ക്കുന്ന മിഥാലി നൂറ്റിഎണ്‍പത്തിമൂന്നാം മത്സരത്തില്‍, നൂറ്റി അറുപത്തിനാലാം ഇന്നിംഗ്‌സിലാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ന്യൂസിലാന്‍ഡിനായി ലിഗ് കാസ്‌പെറെക് മൂന്ന് വിക്കറ്റുകളും ഹന്ന റോവ രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലേക്ക് മുന്നേറും.