പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സംഭവം; പ്രതി പിടിയില്‍

Posted on: July 15, 2017 6:46 pm | Last updated: July 15, 2017 at 6:46 pm

പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ പ്രതി സജില്‍ പിടിയിലായി. വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് പൊള്ളലേറ്റ നിലയിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട നാരങ്ങാനം കല്ലേലിമുക്കില്‍കുരുച്ചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസ്സമ്മതിച്ച പെണ്‍കുട്ടിയെ കന്നാസില്‍ പെട്രോള്‍ വാങ്ങി വന്ന് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് അയല്‍ വാസികള്‍ പറയുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍ വാസികളാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.