കോഴി വിപണിയിലെ പ്രതിസന്ധി; ഫാമുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

Posted on: July 14, 2017 1:40 am | Last updated: July 13, 2017 at 10:41 pm

തിരുവനന്തപുരം: കോഴി വിലയുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നത് മൂലം സംസ്ഥാനത്തെ കോഴിഫാമുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ധനമന്ത്രിയുമായി സമവായത്തിലെത്തിയ സംഘടനകള്‍ പോലും 87 രൂപക്ക് കോഴി വില്‍ക്കാന്‍ തയ്യാറായിട്ടില്ല. കൂടിയ വിലയില്‍ തന്നെയാണ് ഇന്നലെയും വില്‍പ്പന നടന്നത്. വിപണിയിലെ അനിശ്ചിതാവസ്ഥ മൂലം കോഴികള്‍ വിറ്റഴിക്കാനാകാതെ ചെറുകിട കോഴി കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിലെ കോഴിഫാമുകള്‍ക്ക് പൂട്ടുവീഴുന്നത് തമിഴ്‌നാട് ലോബിക്ക് വീണ്ടും നേട്ടമാകും.

വിപണിയില്‍ കോഴിക്ക് 87 രൂപയെച്ചൊല്ലി തര്‍ക്കം തുടരുമ്പോള്‍ കോഴി കര്‍ഷകര്‍ക്ക് അമ്പത് രൂപ പോലും കിട്ടുന്നില്ലെന്ന്് ഇവര്‍ പറയുന്നു. കോഴിവില തീരുമാനിക്കുന്ന തമിഴ്‌നാട് ലോബിയാണ് കര്‍ഷകരെ ചതിക്കുന്നത്. കോഴി വളര്‍ത്തലിന് സഹായമായ ഒന്നും കേരളത്തിലില്ല. മുട്ടയും തീറ്റയുമുള്‍പ്പെടെ കൂടിയവില ക്കാണ് തമിഴ്‌നാട്ടുകാര്‍ നല്‍കുന്നത്. കേരളത്തില്‍ എത്ര കോഴിഫാമുകള്‍ അടച്ചുപൂട്ടിയാലും അത് തമിഴ്‌നാട്ടിലെ വന്‍കിട കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കാണ് നേട്ടമാവുക.
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന 87 രൂപക്ക് വില്‍പ്പന നടത്താന്‍ കോഴി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പൗള്‍ട്രി സംഘടനകള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നത്. അത് കേരളത്തില്‍ കുറഞ്ഞ വിലക്ക് വില്‍ക്കുക സാധ്യമല്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന 87 രൂപക്ക് കെപ്‌കോ വഴി കച്ചവടക്കാര്‍ക്ക് ആവശ്യമായ കോഴി എത്തിച്ച് സര്‍ക്കാര്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കട്ടെയെന്നാണ് സംഘടനകളുടെ അഭിപ്രായം.