Connect with us

Articles

ഐ എസ് വീഴ്ചയും ഇറാഖിന്റെ ഭാവിയും

Published

|

Last Updated

2014 ജൂലൈ 14-നാണ് ഇറാഖിലെ വന്‍ സമ്പന്ന നഗരമായ മൊസൂളിലെ പുരാതനമായ അല്‍നൂരി പള്ളിയില്‍ വെച്ച് ഐ എസ് ഐ എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലെ മൂന്നിലൊന്ന് ഭൂപ്രദേശങ്ങളില്‍ ആധിപത്യമുറപ്പിച്ചുകൊണ്ടാണ് ബഗ്ദാദി “ഇസ്‌ലാമിക” ഭരണം, കാലിഫേറ്റ് സ്ഥാപിച്ചതായി ലോകത്തെ അറിയിച്ചത്. എണ്ണസമ്പന്നവും ജനസാന്ദ്രവുമാണ് മൊസൂള്‍ നഗരം. ഇറാഖിലെ രണ്ടാമത്തെ വന്‍നഗരം. പത്ത് ലക്ഷം പേര്‍ താമസിക്കുന്ന മൊസൂള്‍ ഇറാഖിസേനയുടെ പ്രതിരോധത്തിന്റെ അഭാവത്തിലാണ് ഐ എസിന് അധീശത്വപ്പെടുത്താന്‍ കഴിഞ്ഞത്.

ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഇറാഖി പ്രദേശങ്ങളില്‍ നിന്നും ഐ എസ് തുരത്തപ്പെടുകയാണ്. ഇറാഖി സേന ഈ പ്രദേശങ്ങളിലെ ഭരണം തിരിച്ചുപിടിക്കുകയാണ്. കടുത്ത മതതീവ്രവാദത്തിന്റെയും മനുഷ്യഹിംസയുടെയും പ്രത്യയശാസ്ത്രമാണ് ഐ എസിന്റേത്. അറബ് ലോകത്ത് ഉയര്‍ന്നുവന്ന ജനാധിപത്യപരമായ രാഷ്ട്രീയ ഉണര്‍വുകളെ വഴിതിരിച്ചുവിടാനുള്ള സി ഐ എയുടെയും മൊസാദിന്റെയും ആലോചനകളിലാണ് അബൂബക്കര്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ “ഇസ്‌ലാമിക് സ്റ്റേറ്റ്” സ്ഥാപിതമാകുന്നത്.
അല്‍ഖാഇദ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വപ്രോക്ത ജിഹാദിസത്തിന്റെ അനുസ്യൂതിയിലാണ് ഐ എസ് മധ്യപൂര്‍വദേശത്തും പശ്ചിമേഷ്യക്കകത്തും അക്രമോത്സുകമായ നീക്കങ്ങള്‍ ആരംഭിക്കുന്നത്. സിറിയയിലെ അസദ് ഭരണകൂടത്തെ വരുതിയില്‍ കൊണ്ടുവരാനും അട്ടിമറിക്കാനുമുള്ള യുഎസ് തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഫ്രീസിറിയന്‍ ആര്‍മി സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. തുര്‍ക്കിയിലെ നാറ്റോ സൈനിക കേന്ദ്രങ്ങളിലാണ് ഫ്രീസിറിയന്‍ ആര്‍മിക്ക് പെന്റഗണ്‍ ഉദ്യോഗസ്ഥന്മാര്‍ പരിശീലനം നല്‍കിയത്.
അസദ് ഭരണകൂടത്തിനെതിരായ അട്ടിമറി പ്രവര്‍ത്തനങ്ങളെ സിറിയന്‍ സൈന്യം ശക്തമായി നേരിട്ടു. ഐക്യരാഷ്ട്രസഭയുടെയും ആഗോളസമൂഹത്തിന്റെയും ഇടപെടലുകളോടെ സിറിയയിലെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെതിരെ അട്ടിമറി നടത്തുന്ന ഫ്രീസിറിയന്‍ ആര്‍മിക്കെതിരെ വലിയ വികാരമുയര്‍ന്നുവന്നു. സിറിയയിലെ അട്ടിമറി സമരങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഫ്രീസിറിയന്‍ ആര്‍മിയിലെ വലിയൊരു വിഭാഗവും (സിറിയയിലെ അല്‍ഖാഇദ ഗ്രൂപ്പായ ജാബത്തുമായി ബന്ധപ്പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷം പേരും) ഇറാഖിലെ നിരാശരായ സദ്ദാംഹുസൈന്റെ പട്ടാളത്തില്‍ ഒരുവിഭാഗത്തെയും കൂട്ടിച്ചേര്‍ത്താണ് ഇസ്‌ലാമിക്‌സ്റ്റേറ്റ് സിറിയയുടെയും ഇറാഖിന്റെയും പ്രദേശങ്ങള്‍ ചേര്‍ത്ത് “ഖിലാഫത്ത്” പ്രഖ്യാപനം നടത്തിയത്.
ഇന്നിപ്പോള്‍ അബൂബക്കര്‍ ബഗ്ദാദിയുടെ കാലിഫേറ്റിന് മൂന്ന് വര്‍ഷം തികയുന്നതിനുമുമ്പുതന്നെ മൊസൂള്‍ നഗരത്തില്‍ നിന്ന് ഐ എസ് സൈനികര്‍ക്ക് ഓടിപ്പോകേണ്ടിവന്നിരിക്കുന്നു. ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ അല്‍നൂരി പള്ളിയുടെ അല്‍ഹദ്ബ എന്ന ചരിഞ്ഞഗോപുരം തകര്‍ത്ത് ഭീകരവാദികള്‍ പള്ളി ഉപേക്ഷിച്ച് മൊസൂളില്‍ നിന്ന് പിന്മാറുകയായിരുന്നു. യു എസ് വ്യോമസേനയാണ് അല്‍ഹദ്ബ മിനാരം തകര്‍ത്തതെന്നാണ് ഐ എസ് പറയുന്നത്. സ്വന്തം പരാജയത്തിന്റെ ജാള്യത മറയ്ക്കാന്‍ അവര്‍ തന്നെയാണ് മിനാരം തകര്‍ത്തതെന്നാണ് പൊതുവെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍നൂരി പള്ളിയുടെ മിനാരം പൂര്‍ണമായി തകര്‍ത്തിരിക്കുന്നു. പള്ളിയുടെ നിയന്ത്രണം ഇപ്പോള്‍ ഇറാഖിസേന ഏറ്റെടുത്തുകഴിഞ്ഞു. ഇറാഖില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മൊസൂള്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഐ എസ് കേന്ദ്രങ്ങള്‍ ഇറാഖിസേന ഒഴിപ്പിച്ചെടുത്തെന്നാണ്. ഈ സംഭവങ്ങള്‍ ഐ എസിന്റെ സമ്പൂര്‍ണമായ പതനത്തെയാണ് കാണിക്കുന്നതെന്ന് കരുതാനാവില്ല. അങ്ങനെ കണക്കുകൂട്ടുന്നത് അബദ്ധമായിരിക്കും. ഐ എസ് പിന്മാറിയിട്ടുള്ളത് വിദൂരമായ മരുഭൂമികളിലേക്കാണ്. ഒരുപക്ഷേ, അത് പിടിച്ചുനില്‍ക്കാനാവാതെയുള്ള പിന്മാറ്റമാകാം. അതിലപ്പുറം ഐ എസിന്റെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ചരിത്രം സൂചിപ്പിക്കുന്നതുപോലെ തന്ത്രപരമായ പിന്മാറ്റമാകാം.
ഐ എസിന്റെ പൂര്‍വരൂപമായ അല്‍ഖാഇദയും 2006-ല്‍ ഇറാഖില്‍ നിന്ന് ഇതുപോലൊരു പിന്മാറ്റം നടത്തിയതാണ്. അവരുടെ നേതാവ് അബൂ മൂസബ് അല്‍സര്‍ഖാവി കൊല്ലപ്പെട്ട ഘട്ടത്തിലായിരുന്നു ഈ പിന്മാറ്റം. പിന്നീട് അവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയും ഇറാഖി സൈന്യത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയും ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഐ എസിനെതിരെ പ്രഖ്യാപിത യുദ്ധം നയിക്കുന്ന സിറിയന്‍ പട്ടാളത്തിനെതിരെ സൈനികനീക്കങ്ങള്‍ ആരംഭിച്ചിരുന്നല്ലോ. ഐ എസിനു പിറകില്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്ന കാര്യം മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കുകയാണ്. സിറിയയിലെ വിമാനത്താവളങ്ങള്‍ക്കുനേരെ അമേരിക്ക മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത് സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു. 59 ടോമാഹാക്ക് മിസൈലുകള്‍ സിറിയക്കുനേരെ അമേരിക്ക തൊടുത്തുവിട്ടു. ഒരു പരമാധികാര രാഷ്ട്രത്തിനുനേരെ അടിസ്ഥാനരഹിതമായ കാരണം പറഞ്ഞ് നടത്തിയ ആക്രമണമാണിതെന്ന് റഷ്യ ഉടനെ അപലപിച്ചു. ഇറാനും രംഗത്തുവന്നു. അമേരിക്കയുടെ യൂറോപ്യന്‍ കൂട്ടാളികള്‍ ട്രംപിന്റെ നീക്കങ്ങളെ ശരിവെക്കുകയായിരുന്നു. വിചിത്രമായ കാര്യം തുര്‍ക്കിയും അമേരിക്കന്‍ മിസൈല്‍ ആക്രമണങ്ങളെ പിന്തുണച്ചു എന്നതാണ്.

പിന്നീട് അസദ് സ്ഥാനമൊഴിയണമെന്ന നിലപാട് തുര്‍ക്കി ഉപേക്ഷിച്ചു. തുടര്‍ന്ന് റഷ്യയും ഇറാനും തുര്‍ക്കിയും അമേരിക്കയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരു സമാധാന പ്രക്രിയക്കു വേണ്ടി നീക്കമാരംഭിച്ചു. ഭീകരതക്കെതിരെ എന്നുപറഞ്ഞ് അമേരിക്ക, സിറിയന്‍ സര്‍ക്കാര്‍ സേനക്കു നേരെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. അമേരിക്ക സായുധ ഭീകര ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നു. ഈയൊരു സാഹചര്യത്തിലാണ് ട്രംപിന്റെ അമേരിക്ക അഫ്ഗാനിസ്ഥാനിലെ ഐ എസ് താവളങ്ങള്‍ക്കുമേല്‍ മദര്‍ബോംബ് പ്രയോഗിക്കുന്നത്. ഭീകരരെ നേരിടാനെന്ന വ്യാജേനയുള്ള അമേരിക്കന്‍ ബോംബാക്രമണങ്ങള്‍ക്കെതിരെ മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ്കര്‍സായി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.
സിറിയയിലെ റഖ, പന്‍മീറ, അലപ്പോ തുടങ്ങിയ നഗരങ്ങളെല്ലാം ഐ എസില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തു. ഇതിനിടയില്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തയും വന്നു. ഇറാഖി പ്രധാനമന്ത്രി അല്‍അബാദി ആസൂത്രണം ചെയ്ത സൈനിക നീക്കങ്ങളാണ് ഐ എസിന്റെ പിന്മാറ്റത്തിന് കാരണമായിട്ടുള്ളത്. സങ്കീര്‍ണമായ ഇറാഖി സാഹചര്യത്തില്‍ ഐ എസിന്റെ നാശം ഉറപ്പുവരുത്തുക അത്ര എളുപ്പമല്ല.
അമേരിക്കന്‍ അധിനിേവശവും അത് ശിഥിലമാക്കിയ ഇറാഖി ജനതയുടെ ദേശാഭിമാനപരമായ ഉണര്‍വുകളും മതതീവ്രവാദ ശക്തികള്‍ക്കും വംശീയ ഗ്രൂപ്പുകള്‍ക്കും മണ്ണൊരുക്കിയിരുന്നു. അറബ് ദേശീയബോധത്തിന്റെ കരുത്തും സാമ്രാജ്യത്വവിരുദ്ധകൂട്ടായ്മകളും വികസിപ്പിച്ചുകൊണ്ടേ ഇന്നത്തെ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഇറാഖിലെ ജനങ്ങള്‍ക്കും ജനാധിപത്യശക്തികള്‍ക്കും കഴിയൂ. ഐ എസിന്റെ പിന്മാറ്റവും തകര്‍ച്ചയും അതിനുള്ള അവസരമായി ഉപയോഗിക്കാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം.

Latest