വ്യക്തികള്‍ പഴയ സ്വര്‍ണവും കാറും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമല്ല: കേന്ദ്രം

Posted on: July 13, 2017 9:38 pm | Last updated: July 14, 2017 at 1:44 pm

ന്യൂഡല്‍ഹി: വ്യക്തികള്‍ പഴയ സ്വര്‍ണവും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളും വില്‍പ്പന നടത്തുമ്പോള്‍ ജിഎസ്ടി ബാധകമല്ലെന്ന് റെവന്യൂ വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയുടെ ഇന്നലത്തെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് റെവന്യൂ വകുപ്പിന്റെ വിശദീകരണം. സ്വകാര്യ വ്യക്തികള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതും കാര്‍ വില്‍ക്കുന്നതും ബിസിനസ് ആവശ്യത്തിന് അല്ലെങ്കില്‍ ജിഎസ്ടി ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര ചരക്കു സേവന നികുതി നിയമത്തിലെ സെക്ഷന്‍ 9(4) ആണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ഈ വകുപ്പ് അനുസരിച്ച് നികുതി ബാധകമായ വസ്തു ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിതരണക്കാരനില്‍ നിന്ന് ജിഎ്‌സടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം അനുസരിച്ച് വാങ്ങുന്ന ആള്‍ ജിഎസ്ടി നല്‍കണം. ഈ നിലക്ക് പഴയ സ്വര്‍ണം ഒരാള്‍ ജ്വലറിയില്‍ വില്‍പന നടത്തുമ്പോള്‍ ജ്വല്ലറിക്കാരന്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണമെന്നായിരുന്നു റെവന്യൂ സെക്രട്ടറി വിശദീകരിച്ചത്.

എന്നാല്‍ ഇത്തരമൊരു ഇടപാട് നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെ അല്ലെങ്കില്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം അനുസരിച്ച് ജിഎസ്ടി ബാധകമല്ലെന്നാണ് റെവന്യൂ വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസുകാരന്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് സ്വര്‍ണം വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാകും.