Connect with us

Gulf

യൂസുഫലിക്ക് ബ്രിട്ടീഷ് രാഞ്ജിയുടെ പുരസ്‌കാരം സമ്മാനിച്ചു

Published

|

Last Updated

ദുബൈ: ബ്രിട്ടനിലെ സാമ്പത്തിക വ്യാപാര തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരമായ ക്വീന്‍സ് അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് സമ്മാനിച്ചു. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരം. അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വെച്ച് നല്‍കിയ സ്വീകരണത്തിലും യൂസുഫലി സംബന്ധിച്ചു. ബ്രിട്ടനില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ യൂസുഫലി രാജ്ഞിയെ ധരിപ്പിച്ചു ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് ലെഫ്റ്റനന്റ് ജോണ്‍ ക്രാബ് ട്രീയാണ് ക്വീന്‍സ് അവാര്‍ഡ് പുരസ്‌കാരം സമ്മാനിച്ചത്. ബര്‍മിംഗ് ഹാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടന്‍ പാര്‍ലമെന്റ് അംഗം ഖാലിദ് മുഹമ്മദ്, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എലിസബത്ത് രാജ്ഞിയുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ലണ്ടനിലെ ബക്കിംഗ് ഹാം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തുന്നു.

രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളൂടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നല്‍കിയ സ്ഥാപനങ്ങളൂടെ പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്. ഇതാദ്യമായാണ് മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് വ്യാപാരരംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്. ബ്രക്‌സിറ്റിനുശേഷം ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപവസരങ്ങളാണ് വിവിധ മേഖലകളില്‍ നില നില്‍ക്കുന്നതെന്ന് വ്യാപാര അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടണ്‍ അവാര്‍ഡ് ചടങ്ങില്‍ അറിയിച്ചു. ബ്രിട്ടനില്‍ നിക്ഷേപമിറക്കുന്ന വ്യവസായികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനിലെ ഉന്നതമായ പുരസ്‌കാരങ്ങളിലൊന്ന് ലഭിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം എ യൂസുഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടേ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് തങ്ങളുടെതായ നൂതന സംഭാവനകള്‍ നല്‍കാന്‍ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനില്‍ 2,100 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളില്‍ ലുലു നടത്തിയിട്ടുള്ളതെന്ന് യൂസുഫലി വ്യക്തമാക്കി. 300 കോടി രൂപ മുതല്‍ മുടക്കില്‍ ബര്‍മിംഗ് ഹാം സിറ്റി കൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചരിംഗ് സോണില്‍
അനുവദിച്ച 11.20 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ് പൈതൃക മന്ദിര, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയിലാണ് ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനില്‍ മുതല്‍ മുടക്കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest