ഖത്വറിന്റെ ‘പ്രചോദന ശക്തി’ക്ക് ആതിഥ്യമരുളി ബനാന ഐലന്‍ഡ്‌

Posted on: July 12, 2017 9:55 pm | Last updated: July 12, 2017 at 9:39 pm
ഗാനിം അല്‍ മുഫ്ത ബനാന ഐലന്‍ഡ് റിസോര്‍ട്ടില്‍

ദോഹ: ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് ലോകത്തുടനീളം ആയിരങ്ങള്‍ക്ക് പ്രചോദനം പകരുന്ന ഖത്വറിലെ പതിനഞ്ചുകാരന്‍ ഗാനിം അല്‍ മുഫ്തയെ അതിഥിയായി ക്ഷണിച്ച് ബനാന ഐലന്‍ഡ് റിസോര്‍ട്ട്. സര്‍ഫിംഗ്, കയാകിംഗ് തുടങ്ങിയ ജലകേളികളും ബോട്ട് സവാരിയിലും ഗാനിം പങ്കെടുത്തു. ബൗളിംഗ് ആസ്വദിച്ച ഗാനിം റിസോര്‍ട്ടില്‍ വെച്ച് സിനിമയും കണ്ടു.

റിസോര്‍ട്ടില്‍ സ്വാദിഷ്ടമായ അത്താഴം കഴിച്ച ഗാനിമിനെ, ഐസ്‌ക്രീം കപ്‌കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാനായി കിച്ചണിലേക്ക് ക്ഷണിച്ചു. ദോഹയിലെ ഐസ്‌ക്രീം ബിസിനസ് നടത്തുന്നയാള്‍ കൂടിയാണ് ഗാനിം. ലോകത്തുടനീളമുള്ള യുവാക്കളുടെയും സാമൂഹികമാധ്യമ ഉപയോക്താക്കളുടെയും പ്രചോദന ശക്തിയാണ് ഗാനിം. സംരംഭകന്‍, പാരാ ഒളിംപ്യന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിക്കുന്ന ഗാനിമിന് ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സുണ്ട്. കാലുകളില്ലാതെ ജനിച്ച് അപൂര്‍വ രോഗമുള്ള ഗാനിം ധൈര്യവും ഇച്ഛാശക്തിയും കൈമുതലാക്കിയാണ് നിരവധി പേര്‍ക്ക് പ്രചോദനമാകുന്നത്.