Connect with us

Gulf

ബേബി വാക്കറുകളില്‍ മരണം പതിയിരിക്കുന്നു

Published

|

Last Updated

ദുബൈ: കുട്ടികളെ നടക്കാന്‍ ശീലിപ്പിക്കുന്ന ബേബി വാക്കറുകളുടെ ഉപയോഗം അപകടത്തിലേക്ക് തള്ളിവിടുന്നതായി പഠനം. അല്‍ ഐനിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ മരണത്തിനും ഗുരുതരമായ പരുക്കുകള്‍ക്കും ബേബി വാക്കറുകള്‍ വഴിവെക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

12ാം തരത്തില്‍ പഠിക്കുന്ന 696 വിദ്യാര്‍ഥികളുടെ വീടുകളിലും കുടുംബങ്ങളിലുമുണ്ടായ സംഭവ വികാസങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ബേബി വാക്കറുകളുടെ ഉപയോഗം മിക്ക കുടുംബങ്ങളിലും കുട്ടികള്‍ക്ക് അപകടം വരുത്തിയതായി പഠനത്തില്‍ വ്യക്തമായി. 646 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് കുട്ടികള്‍ മരിക്കുകയും ചെയ്തതായി പഠനം വ്യക്തമാക്കുന്നു. ബേബി വാക്കറിലൂടെ നടക്കുന്നതിനിടെ കാറിടിച്ചാണ് മരണങ്ങള്‍ സംഭവിച്ചത്. 11 കുട്ടികള്‍ക്ക് ഇതുമൂലം അംഗവൈകല്യമുണ്ടാവുകയും ചെയ്തു.

200 സംഭവങ്ങളില്‍ ഒരെണ്ണം ഗുരുതരമായ അംഗവൈകല്യത്തിനും ആയിരത്തില്‍ ഒന്ന് മരണത്തിനും കാരണമാകുന്നതായി ഇതുമായി ബന്ധപ്പെട്ടുണ്ടാക്കിയ ചോദ്യാവലിയിലൂടെ ലഭിച്ച ഉത്തരങ്ങള്‍ പറയുന്നു.
യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. മിഷാല്‍ ഗ്രിവ്‌ന, അംന അല്‍ ഹനാഇ, ആഇശ അല്‍ ദഹ്ബാബ്, ഫാത്വിമ അല്‍ കഅബി, ശമ്മ അല്‍ മുഹൈറി എന്നിവരാണ് പഠനം നടത്തിയത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ കാനഡയില്‍ ബേബി വാക്കര്‍ നിരോധിച്ചത് പോലെ യു എ ഇയും നിരോധിക്കണമെന്ന് വാന്‍ക്വാവറിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി പോപുലേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത് സ്‌കൂള്‍ മേധാവി പ്രൊഫ. പീറ്റര്‍ ബാര്‍സ് പറഞ്ഞു. ബേബി വാക്കറുകളുടെ ഇറക്കുമതിയും ഇതിന്റെ പരസ്യങ്ങളും നിര്‍ത്തിവെക്കാന്‍ യു എ ഇ തയ്യാറാകണമെന്നും പ്രൊഫ. പീറ്റര്‍ ആവശ്യപ്പെട്ടു. അപകട സാധ്യത കണക്കിലെടുത്ത് 2004 മുതല്‍ കാനഡയില്‍ ബേബി വാക്കര്‍ നിരോധിച്ചിട്ടുണ്ട്. ബേബി വാക്കര്‍ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യവും കാനഡയാണ്.

സര്‍വേക്കായി തിരഞ്ഞെടുത്ത കുട്ടികളുടെ കുടുംബങ്ങളില്‍ 87 ശതമാനവും ബേബി വാക്കര്‍ ഉപയോഗിക്കുന്നവരാണ്. 2,376 കുട്ടികളാണ് ഇതുപയോഗിക്കുന്നത്. മരണവും അംഗവൈകല്യവും കൂടാതെ 118 കുട്ടികളെ എമര്‍ജന്‍സി റൂമില്‍ പ്രവേശിക്കുകയും ചെയ്തു. 42 കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ച 23 കുട്ടികളുടെയും പരുക്ക് തലക്കായിരുന്നു. ബേബി വാക്കര്‍ തെന്നി മറിയുകയോ താഴേക്ക് പതിക്കുകയോ ആയി 2,759 സംഭവങ്ങള്‍ ഉണ്ടായി. ബേബി വാക്കറോടെ കോണിപ്പടിയില്‍ നിന്ന് 300 കുട്ടികള്‍ താഴേക്ക് വീഴുകയും ചെയ്തു. പഠനത്തിന് വിധേയമാക്കിയ 12 ശതമാനം കുടുംബങ്ങളുടെ താമസയിടങ്ങളിലും സ്വിമ്മിംഗ് പൂളുണ്ട്. ഇതിലേക്ക് വീണ് 31 അപകടങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ ഈ സംഭവത്തില്‍ മരണം സംഭവിച്ചിട്ടില്ല.

അമേരിക്കയില്‍ ബേബി വാക്കറുകളുടെ ഉപയോഗത്തില്‍ 1973നും 1998നും ഇടക്ക് 34 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെന്ന് പഠനസംഘം വ്യക്തമാക്കി. യു എ ഇയിലെ നഗരവാസികള്‍ മിക്കവരും ഫഌറ്റുകളിലാണ് താമസം. മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ ബേബി വാക്കറുകള്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ ബാല്‍കണിയില്‍ നിന്നും മറ്റും താഴേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.

യു എ ഇയില്‍ ബേബി വാക്കറുകളുടെ നിര്‍മാണമില്ലെങ്കിലും വില്‍പനയും ഇറക്കുമതിയും തടയാന്‍ സാധ്യമാകുമെന്ന് റിസര്‍ച്ച് പേപ്പറില്‍ പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും റിസര്‍ച് ടീം പറഞ്ഞു.

Latest