Connect with us

Gulf

വെറുതെ കിടക്കുന്ന ഭൂമിയിലും കൃഷിയിറക്കാന്‍ ഖത്വരികള്‍

Published

|

Last Updated

ദോഹ: കൂടുതല്‍ ഗ്രീന്‍ ഹൗസുകള്‍ പണിതും ഉപയോഗമില്ലാതെ കിടക്കുന്ന പ്രദേശങ്ങള്‍ പച്ചപ്പണിയിച്ചും ഉത്പാദന വര്‍ധനവിനുള്ള കടുത്ത ശ്രമങ്ങളില്‍ ഖത്വരി കര്‍ഷകര്‍. പ്രാദേശിക പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ സാമ്പത്തിക മെച്ചവും നേടാനാകുന്നത് കര്‍ഷകര്‍ക്ക് തങ്ങളുടെ മേഖല വിപുലപ്പെടുത്താനുള്ള പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് കാര്‍ഷിക മേഖലയിലുള്ളവരെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

പുതിയ പത്ത് ഗ്രീന്‍ ഹൗസുകളില്‍ പച്ചക്കറി നടീലിനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് അല്‍ ശമാലിലെ ഫാം ജീവനക്കാരന്‍ മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു. ഓരോ ഗ്രീന്‍ ഹൗസും 40 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പണിതത്. പ്രതിദിനം 60 പെട്ടി പച്ചക്കറി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദനത്തിന്റെ ഏറ്റവും മികച്ച ഘട്ടത്തില്‍ തങ്ങള്‍ക്ക് പ്രതിദിനം 600 പെട്ടി പച്ചക്കറി കൂടുതലായി ഉത്പാദിപ്പിക്കാനാകുമെന്നാണെന്ന് ഇഖ്ബാല്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ചയോടെ പച്ചക്കറി നടീല്‍ ആരംഭിക്കുന്നതിനാല്‍ ആറ് ആഴ്ചക്ക് ശേഷമാണ് വിളവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയിലെ ഉപയോഗിക്കാത്ത ഭൂമി കൂടി കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സിമൈസ്മയിലെ ഒരു ഫാം ഉടമ തന്റെ പ്രദേശത്ത് 15 ഗ്രീന്‍ ഹൗസുകള്‍ പണിയാനായി തങ്ങളോട് ആവശ്യപ്പെട്ടതായും ഏതാനും ദിവസങ്ങള്‍ക്കകം പ്രസ്തുത ജോലി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഖ്ബാല്‍ വിശദീകരിക്കുന്നു. പ്രാദേശിക കര്‍ഷകര്‍ പോലും കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യാന്‍ മെനക്കെടുന്നുണ്ട്. വരുന്ന തണുപ്പ് കാലത്തോടെ തങ്ങളുടെ ഫാമുകളില്‍ വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ കൂടി തയ്യാറാക്കാനാണ് പലരും ലക്ഷ്യമിടുന്നത്. അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് പച്ചക്കറി നടാന്‍ നിലമൊരുക്കാനായി തന്റെ ഫാം ഉടമ മാന്‍ പവര്‍ സപ്ലൈ കമ്പനിയില്‍ നിന്നും ഏതാനും ദിവസം മുമ്പ് 50 ജോലിക്കാരെ കൊണ്ടുവന്നതായി സിമൈസ്മയിലെ ഫാമില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി സ്വദേശി അഹ്മദ് നഈം പറഞ്ഞു. സാധാരണ ഗതിയില്‍ കാര്‍ഷിക കാലം കഴിയുന്നതോടെ ഏതാനും പേരെയൊഴികെ മുഴുവന്‍ ജോലിക്കാരേയും നാട്ടിലേക്ക് അവധിക്കാലത്തേക്ക് അയക്കുകയാണ് പതിവ്. ഗ്രീന്‍ ഹൗസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഏതാനും പേരെ മാത്രമേ ഫാമുകളില്‍ നിര്‍ത്താറുണ്ടായിരുന്നുള്ളു. എന്നാല്‍ ഈ വര്‍ഷം അവധിക്ക് പോയവര്‍ക്ക് പകരമായി കൂടുതല്‍ ജോലിക്കാരെ എടുക്കുകയും പച്ചക്കറി നടാനായി കാലി സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ഏകദേശം അടുത്ത മൂന്ന് മാസക്കാലത്തേക്കെങ്കിലും വാടക ജോലിക്കാര്‍ തങ്ങളോടൊപ്പം നിലമൊരുക്കാനും പച്ചക്കറി നടാനും സഹായികളായി ഉണ്ടാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

അല്‍ ഖോര്‍ മേഖലയിലെ വന്‍കിട ഫാമുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്വദേശി മുഹമ്മദ് അബ്‌സറുലിന്റെ അഭിപ്രായത്തില്‍ തങ്ങളുടെ ഫാമില്‍ നിന്നും ഇപ്പോള്‍ പ്രതിദിനം മൂന്ന് ടണ്‍ കക്കിരിയും ബീന്‍സും വന്‍കിട ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നുണ്ട്. ഒന്നര മാസത്തിനകം പുതിയ ചെടികളില്‍ നിന്നും വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറിയുടെ ഇനമനുസരിച്ച് തങ്ങളുടെ ഒരു ഗ്രീന്‍ ഹൗസില്‍ നിന്നും പ്രതിദിനം 100 കിലോഗ്രാമോളം വിളവെടുപ്പ് നടത്താനാവുന്നുണ്ട്. ഇത്തരത്തിലുള്ള 14 ഗ്രീന്‍ ഹൗസുകളാണ് ഫാമിലുള്ളത്. ഗ്രീന്‍ ഹൗസുകള്‍ പൊളിച്ച് റിപ്പയര്‍ ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും ആവശ്യം മാനിച്ച് കൃഷി ചെയ്യുകയായിരുന്നു.

Latest