അല്‍ അറേബ്യയുടെ ‘ജിന്ന് ബ്രേക്കിംഗ് ന്യൂസ്’ ട്രോളന്മാര്‍ക്ക് ചാകരയായി

Posted on: July 11, 2017 1:36 pm | Last updated: July 11, 2017 at 1:25 pm
റിപ്പോര്‍ട്ടിനെതിരായ വിവിധ ട്രോളുകള്‍

ദോഹ: അബദ്ധ പഞ്ചാംഗമായ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പിന്നാലെ ട്വിറ്റര്‍ ട്രോളര്‍മാരുടെ പരിഹാസക്കത്തിക്ക് ഇരയായി വീണ്ടും അല്‍ അറേബ്യ ടി വി. നിലവിലെ ജി സി സി തര്‍ക്കത്തിന് ‘അതീന്ദ്രീയ വഴിത്തിരിവ്’ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് സാമൂഹിക മാധ്യമങ്ങളില്‍ സഊദി ചാനലിനെതിരെ പരിഹാസ വേലിയേറ്റമുണ്ടാക്കിയത്. നേരത്തെ ‘ഖത്വരി ഉദരം, ഖത്വരി പശു’ ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കി അല്‍ അറേബ്യ ഇളിഭ്യരായിരുന്നു.

ജി സി സി പ്രതിസന്ധി പരിഹരിക്കാന്‍ ജിന്നുകളെ വിളിക്കുന്നതിന് സെനഗല്‍, മൗറിത്താനിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഭിചാരതാന്ത്രികര്‍ക്ക് ഖത്വര്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നതായി അല്‍ അറേബ്യ ടി വിയിലെ അല്‍ ഖലീല്‍ വില്‍ദ് അജ്ദൂദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഖത്വറിനെ സംരക്ഷിക്കാന്‍ ജിന്നുകളെ ഏര്‍പ്പാടാക്കുന്നതിന് ഒരു മാസത്തിനിടെ ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഖത്വര്‍ ചെലവഴിച്ചത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും അല്‍ ഖലീല്‍ ട്വീറ്റ് ചെയ്തു.

റിപ്പോര്‍ട്ടിന് ബലം കൂട്ടാന്‍ തന്റെ നിഗമനങ്ങളും മറ്റും അല്‍ ഖലീല്‍ ചേര്‍ത്തിട്ടുണ്ട്. എതിര്‍പക്ഷത്തുള്ള നേതാക്കളെ പ്രയാസത്തിലാക്കാന്‍ ത്രികോണ മേശ തന്നോട് ഗള്‍ഫ് പൗരന്മാര്‍ ആവശ്യപ്പെട്ടതായി ഒരു സെനഗല്‍ താന്ത്രികന്‍ പറയുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. കരിഞ്ചന്തയിലൂടെയാണ് ആഭിചാരക്രിയക്കാര്‍ക്ക് പണം നല്‍കിയതെന്നും കുറച്ചു പണം വെസ്റ്റേണ്‍ യൂനിയന്‍, ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ അറേബ്യയുടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ഈ റിപ്പോര്‍ട്ടിന് പിന്നാലെ ട്വിറ്ററില്‍ ട്രോള്‍ പെരുമഴയായിരുന്നു. ‘ഖത്വര്‍ ജിന്നുമായി ഇടപാട് നടത്തുന്നു’ എന്ന ഹാഷ്ടാഗ് മേഖലയില്‍ ഏറ്റവും വലിയ ട്രെന്‍ഡിംഗുമായി. ഹാരി പോട്ടര്‍, കാസ്പര്‍ തുടങ്ങിയ ഹൊറര്‍ സിനിമകളില്‍ നിന്നുള്ള ഭാഗങ്ങളും മറ്റുമായി ഈ റിപ്പോര്‍ട്ടിനെ ട്വിറ്റര്‍ ട്രോളര്‍മാര്‍ നന്നായി ആഘോഷിച്ചു. മാന്ത്രിക ചൂലുമായി ദോഹയുടെ ആകാശത്ത് കൂടി പറക്കുന്ന ഖത്വരികളുടെ പടം നിര്‍മിച്ചാണ് ട്വിറ്റര്‍ ഇതിന് മറുപടി നല്‍കിയത്.
പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ഇത്തരം അബദ്ധജഡിലമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതും അത് യഥാര്‍ഥമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതും മാധ്യമമേഖലയിലെ അപകടകരമായ പ്രവണതയാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു ട്രോള്‍ റിപ്പോര്‍ട്ട് എന്ന നിലയിലായിരുന്നെങ്കില്‍ എല്ലാവരും അതിനെ അങ്ങനെ കാണുമായിരുന്നെന്നും എന്നാല്‍ ന്യൂസ് അവറില്‍ അവതരിപ്പിക്കുന്നത് മറ്റൊരു മാനമാണ് ഇതിന് ലഭിക്കുകയെന്നും ട്വിറ്ററില്‍ അഭിപ്രായങ്ങളുണ്ടായി.