Connect with us

Editorial

സിനിമയും മാഫിയാ പ്രവണതകളും

Published

|

Last Updated

സാംസ്‌കാരികമായി വളരെയധികം ഔന്നത്യത്തില്‍ നില്‍ക്കുന്നവരാണ് മലയാളികള്‍ എന്നാണ് നമ്മള്‍ മലയാളികളുടെ തന്നെ സ്വന്തം ധാരണ. നമ്മുടെ ഭാഷയിലെ ബുദ്ധിജീവിപ്പട്ടം കിട്ടിയവരില്‍ പലരും സ്ഥാനത്തും അസ്ഥാനത്തും ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. അതിന്റെയൊക്കെ പ്രതിഫലനമാവാം ഏതെങ്കിലും കലാരംഗത്ത് കഴിവു തെളിയിച്ചവരെ മലയാളി സാംസ്‌കാരിക നായക പദവിയില്‍ അവരോധിച്ച് അവര്‍ക്ക് നക്ഷത്ര പദവി നല്‍കുന്നത്. സര്‍ഗാത്മകത വേണ്ടുവോളം ആവശ്യമുള്ള സാഹിത്യകാരന്‍മാരേക്കാള്‍ നമ്മള്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കുന്നത് സിനിമാ ഫീല്‍ഡിലുള്ളവര്‍ക്കാണ്. തമിഴനേയും തെലുങ്കനേയും പോലെ നാം താരങ്ങള്‍ക്ക് “ദൈവിക” പരിവേഷമൊന്നും ചാര്‍ത്തിക്കൊടുക്കുന്നില്ല. അത്രയും ആശ്വാസം. എന്നാലും സൂപ്പര്‍സ്റ്റാറുകളുടെ പേരില്‍ ഫാന്‍സുകളും അസോസിയേഷനുകളും ഉണ്ടാക്കുന്നതില്‍ നാം അത്ര പിന്നിലുമല്ല.

കലയോട് ബന്ധപ്പെട്ട സംഗീതം, നാടകം, പെയിന്റിംഗ്, ചിത്രകല എന്നിത്ത്യാദികളെയെല്ലാം മലയാളികള്‍ വായിക്കുകയും അവക്കെല്ലാം നമ്മുടെ ആനുകാലികങ്ങളില്‍ തരക്കേടില്ലാത്ത ഇടം നല്‍കുകയും ചെയ്യുന്നുണ്ട്. പക്ഷേ, സിനിമാക്കാര്‍ക്ക് ഉള്ളത്ര ഗ്ലാമര്‍ പരിവേഷം മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്കൊന്നും മലയാളികള്‍ കല്‍പ്പിച്ചു നല്‍കുന്നുമില്ല. സത്യത്തില്‍ സാംസ്‌കാരികത്തെ കുറിച്ചുള്ള ഒരു വികല കാഴ്ചപ്പാട് ഈ മനോഭാവത്തില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം വിലയിരുത്താന്‍. എഴുത്തുകാരനായാലും മികച്ച അഭിനേതാവായാലും സംഗീതജ്ഞനോ ചിത്രകാരനോ ഒക്കെ ആയാലും സമൂഹം അവരെ ആദരിക്കേണ്ടതും അവരെ സാംസ്‌കാരിക പ്രവര്‍ത്തകരായി കരുതി അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതും ഒരു പരിഷ്‌കൃത ജനതയുടെ കടമ കൂടിയാണ്. എന്നാല്‍, അതിനുമപ്പുറം കേവലം സിനിമാ താരങ്ങളെ മാത്രം നമ്മില്‍ പലരും ഈ ഗണത്തില്‍ നിന്നും വേര്‍പ്പെടുത്തി “ആരാധിക്കപ്പെടേണ്ടവരായി” കരുതുന്നു. സത്യത്തില്‍ ബുദ്ധിപരമായും ചിന്താപരമായും ഏറ്റവും ഉയര്‍ന്ന സര്‍ഗാത്മക തലത്തില്‍ നില്‍ക്കുന്ന വലിയ എഴുത്തുകാര്‍ക്ക് മലയാളികളിലെ ഭൂരിപക്ഷവും സിനിമാക്കാര്‍ക്ക് കല്‍പ്പിക്കുന്ന ബഹുമതികള്‍ നല്‍കുന്നില്ല.
സിനിമയില്‍ അഭിനയിക്കലില്‍ സര്‍ഗാത്മക കഴിവുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ആ മാനദണ്ഡത്തിലേറെ അത് ഒരു ഗ്ലാമര്‍ പരിവേഷമുള്ള തൊഴിലിനോട് ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യമാണ്. പക്ഷേ അത് വിപുലമായ തിയേറ്റര്‍ സംവിധാനങ്ങളാലും വിഷ്യല്‍ മീഡിയകളാലുമെല്ലാം ഏറ്റവും താഴേ തട്ടിലുള്ള ജനവിഭാഗങ്ങളോടു പോലും നേരിട്ടു സംവദിക്കുന്നതിനാലും അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തുകകള്‍ ഭാരിച്ചതായതിനാലും അവര്‍ സ്റ്റാര്‍ പദവിയലങ്കരിക്കുന്നു.

അതു കൊണ്ടാവും സിനിമാരംഗത്ത് നടക്കുന്ന അധോലോക പ്രവണതകളില്‍ പോലും അമിതമായ പ്രചാരം നല്‍കി നമ്മുടെ മീഡിയകള്‍ അതാ ഘോഷിക്കുന്നത്. കേരളത്തിന്റെ വര്‍ത്തമാന കാല സാഹചര്യത്തെ നോക്കിക്കാണുന്ന ആര്‍ക്കും ബോധ്യമാവുന്ന ഒന്നാണല്ലോ ദിവസങ്ങളായി നമ്മുടെ വിഷ്വല്‍ മീഡിയകള്‍ ഇട്ട് അലക്കുന്ന പള്‍സര്‍, നടി, നടന്‍… തുടങ്ങിയ പേരുകളില്‍ നടക്കുന്ന അന്തിച്ചകള്‍ .. ഇനിയിപ്പോള്‍ ഈ വിവാദപ്പെരുമഴ അവസാനിച്ചാലും അത് ബാക്കി വെക്കുന്ന മരം പെയ്ത്ത് പിന്നെയും തുടരുമെന്നുറപ്പ്. ഇതെന്തുകൊണ്ടെന്നാല്‍ ഈ സിനിമാ താരങ്ങളും അതിന്റെ നിര്‍മാതാക്കളും സംവിധായകരുമൊക്കെയാണ് മലയാളികളുടെ സാംസ്‌കാരിക ഔന്നത്യത്തിന്റെ സ്റ്റാര്‍ ചിഹ്നങ്ങളെന്ന് നാം അറിയാതെയങ്ങ് വിധിയെഴുതിക്കഴിഞ്ഞിരിക്കയാണ്. അതു കൊണ്ട് അവര്‍ക്കിടയില്‍ സ്വഭാവികമായി ഉരുണ്ടുകൂടാറുള്ള അധോലോക പ്രവണതകളില്‍ നാം ആവശ്യത്തിലേറെ ആശങ്കാകുലരാവുന്നു എന്നു വേണം കരുതാന്‍.
സത്യത്തില്‍ എന്താണിവിടെ സംഭവിച്ചത്? പള്‍സര്‍ സുനിയെന്ന ക്രിമിനലായ ഒരു ചെറുപ്പക്കാരന്‍ ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശയാക്കുന്നു. പണത്തിനു വേണ്ടി. ചിലപ്പോള്‍ മറ്റാര്‍ക്കോ വേണ്ടിയുള്ള ക്വട്ടേഷനാകാം. അല്ലായിരിക്കാം. പക്ഷേ ഒരു കാര്യം ഉറപ്പിക്കാം. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ദിലീപും പള്‍സര്‍ സുനിയും ഇരയാക്കപ്പെട്ട നടിയും സംശയത്തിന്റെ നിഴലിലുള്ള എല്ലാവരും സിനിമാ ഫീല്‍ഡുമായി ബന്ധപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഈ ഫീല്‍ഡ് കലയോട് വളരെയധികം ബന്ധപ്പെട്ടു നില്‍ക്കുന്നുവെങ്കിലും സാംസ്‌കാരിക ഔന്നത്യത്തിന്റെ കാര്യത്തില്‍ അത്ര ഉയര്‍ന്നു നില്‍ക്കുന്നില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം പേരിനും പ്രശസ്തിക്കും ഒപ്പം ലക്ഷങ്ങളും കോടികളും മാറി മറിയുന്ന ചതുരംഗക്കൡകൂടിയാണ് ഈ രംഗം. ഇവിടെ സ്വഭാവികമായും പിടിച്ചുനില്‍ക്കാനും കൂടുതല്‍ വെട്ടിപ്പിടിക്കാനുമുള്ള കിട മത്സരങ്ങള്‍ക്ക് മാഫിയാ സ്വാഭാവങ്ങള്‍ കൈവന്നേക്കും. പണം എന്ന പ്രതിഭാസം തന്നെയാണിവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് സിനിമാ രംഗത്ത് അടിക്കടിയുണ്ടാകുന്ന അധോലോക പ്രവണതയും ഗുണ്ടായിസവുമൊന്നും സാംസ്‌കാരികമായ വലിയ അപചയമായി വ്യാഖ്യാനിച്ച് ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകള്‍ വേണ്ടെന്നു പറയുന്നത്. ഈ മാനദണ്ഡങ്ങള്‍ ഒക്കെ വെച്ച് പറയുകയാണെങ്കില്‍ ഇതില്‍ സ്ത്രീ സുരക്ഷയുടെ കാര്യം പോലും നമ്മള്‍ കൊട്ടിഘോഷിക്കുന്ന തരത്തില്‍ പ്രസക്തിയുള്ളതല്ലെന്ന് കരുതേണ്ടി വരും. കാരണം മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത കൊണ്ടും ഉന്നതങ്ങളിലുള്ള സ്വാധീനങ്ങള്‍ മൂലവും സിനിമാ രംഗത്തുള്ള സ്ത്രീകളും മറ്റു രംഗത്തുള്ള സ്ത്രീകളെ അപേക്ഷിച്ച് അബലകളല്ല. പറഞ്ഞു വരുന്നത് മറ്റു കേരളീയ കലകള്‍ക്കും സാഹിത്യരൂപങ്ങള്‍ക്കും നമ്മള്‍ കല്‍പ്പിക്കേണ്ടതിലേറെ സാംസ്‌കാരികമായ ഒരു അപ്രമാദിത്യം കല്‍പ്പിക്കേണ്ട മേഖലയൊന്നുമല്ല സിനിമാ രംഗം എന്നതാണ്. ഒരു സാധാരണ വീട്ടമ്മക്കോ അല്ലെങ്കില്‍ ഒരു രാഷ്ടീയ പ്രവര്‍ത്തകക്കോ ആയിരുന്നു ഇങ്ങനെയൊരു അക്രമം ഏറ്റിരുന്നതെങ്കില്‍ ഇതിത്ര മാത്രം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.
നടനായാലും നടിയായാലും അവരില്‍ അന്തര്‍ലീനമായിട്ടുള്ള കലയേയും സര്‍ഗാത്മകതയേയും മാനിക്കുന്നതിനപ്പുറം അവരിലെ വ്യക്തിത്വം നൂറ് ശതമാനം സാംസ്‌കാരിമായി ഉയര്‍ന്ന തലത്തില്‍ നിലകൊള്ളുന്നതായിരിക്കും എന്നൊന്നും വിചാരിക്കേണ്ടതില്ല. അത്തരം മിഥ്യാധാരണ വെറുതെ സൃഷ്ടിച്ചെടുക്കുന്നത് കൊണ്ടാണ് ഇതെല്ലാം നമ്മള്‍ ആവശ്യത്തിലേറെ ചര്‍ച്ച ചെയ്ത് വഷളാക്കുന്നത്.
സാഹിത്യവും സിനിമയും ഒക്കെ മലയാളിയേക്കാള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ലാറ്റിന്‍ അമേരിക്കയില്‍ എഴുത്തുകാരനോളം സാംസ്‌കാരികമായ നക്ഷത്ര പദവി സിനിമക്കാര്‍ക്കില്ലെന്നാണ് പറയപ്പെടുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ വക്താവും വിശ്വപ്രസിദ്ധനുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന് ലഭിക്കുന്ന ആദരവൊന്നും അവിടുത്തെ ഒരു സിനിമാക്കാരനും എന്തിന് ഭരണാധികാരികള്‍ക്കു പോലും ലഭിക്കാന്‍ ഇടയില്ല. മലയാളികളുടെ ഉത്ബുദ്ധതയും കലയോടും സാഹിത്യത്തോടും സംസ്‌കാരത്തോടുമൊക്കെയുള്ള ആദരവിന്റെ മാനദണ്ഡവും ലാറ്റിന്‍ അമേരിക്കന്‍ ചിന്തകളോട് അടുത്തു നില്‍ക്കണമെന്നു പറയേണ്ടിയിരിക്കുന്നു.
എം കൃഷ്ണന്‍ നായര്‍ മുമ്പൊരിക്കല്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നത് സന്ദര്‍ഭോചിതമാവുമെന്നു കരുതുന്നു. “കലാകാരന്‍ ആരല്ലയോ അതിന്റെ ആവിഷ്‌ക്കാരമായിരിക്കും രചനയെന്ന് വിശ്വവിഖ്യാതനായ ബേനേ ദേ തോ ക്രോച്ചെ പറഞ്ഞിരുന്നു”. കലയേയും സംസ്‌കാരത്തേയും അളക്കുമ്പോള്‍ അത് ആവിഷ്‌ക്കരിക്കപ്പെടുന്ന വ്യക്തികളെക്കാള്‍ പലപ്പോഴും ആ കലാരൂപങ്ങള്‍ക്കാവേണ്ടി വരും നമ്മള്‍ മഹത്വങ്ങള്‍ ചാര്‍ത്തിക്കൊടുക്കേണ്ടി വരിക.
സിനിമാരംഗത്ത് അടിക്കടി കണ്ടുവരുന്ന മാഫിയാ പ്രവണതകള്‍ ഈ വാദത്തിനു ബലമേകുന്നതാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

Latest