മുഴുവന്‍ വാര്‍ഡുകളിലും തൊഴില്‍ സംരഭം ജീവനവുമായി കുടുംബശ്രീ

Posted on: July 10, 2017 8:11 am | Last updated: July 9, 2017 at 11:13 pm

കണ്ണൂര്‍: നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടോ? സംസ്ഥാനത്തെ സ്ത്രീകളോടുള്ള ഈ ചോദ്യം ഇനി പുരുഷന്മാരോടും കുടംബശ്രീ ചോദിക്കുന്നു. സ്വന്തമായി നേടുന്ന വരുമാനത്തിന് പുറമെ അധികവരുമാനമുണ്ടാക്കാന്‍ അവസരമാണ് എല്ലാവര്‍ക്കുമായി കുടംബശ്രീ ഒരുക്കുന്നത്. കാര്‍ വാങ്ങുക, പുതിയ വീട് വെക്കുക… അങ്ങനെ സ്വപ്‌നങ്ങളെല്ലാം പൂവണിയിക്കാം. മുതല്‍മുടക്കിനെ കുറിച്ചുള്ള വേവലാതി വേണ്ട. അര്‍പ്പണബോധത്തോടെ ജോലി ചെയ്യാനുള്ള മനസ്സ് മാത്രം മതി മൂലധനം എന്നാണ് കുടുംബശ്രീയുടെ പക്ഷം. മനസ്സുവച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന് ഇവര്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പുതിയ തൊഴില്‍ സംരംഭങ്ങളുണ്ടാക്കാനുള്ള പുതിയ പദ്ധതിക്കാണ് കുടുംബശ്രീ അരങ്ങൊരുക്കുക. ‘ജീവനം’എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും തൊഴില്‍ നല്‍കുന്നതിനുള്ള വ്യവസായ സംരംഭങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അഞ്ച് മാസത്തിനകം 1100 സംരംഭങ്ങള്‍ ഉണ്ടാക്കാനാണ് ആദ്യഘട്ട ലക്ഷ്യം. അരിപ്പൊടിയും സാമ്പാര്‍പ്പൊടിയും സോപ്പുണ്ടാക്കലും വില്‍ക്കലും മൈക്രോഫിനാന്‍സും അല്ലാതെ ഐടി, വസ്ത്ര നിര്‍മാണം, മാലിന്യസംസ്‌കരണം, ഐ ടി കമ്പനികള്‍, കാലിത്തീറ്റ- വളം നിര്‍മാണ ശാലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തൊഴില്‍ സംരംഭങ്ങള്‍ ഓരോ വാര്‍ഡിലും സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഗ്രാമപ്രദേശങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാനുള്ള യുവശ്രീ ഉള്‍പ്പടെയുള്ള പദ്ധതികളും സ്വയം തൊഴില്‍ സംരംഭം തുടങ്ങാനുള്ള പദ്ധതികളുമെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കും. ഓരോ വാര്‍ഡില്‍ നിന്നും തൊഴില്‍ദായകര്‍ ആവശ്യപ്പെടുന്ന സംരഭങ്ങളെക്കുറിച്ചുള്ള വിവരശേഖരണങ്ങള്‍ ഇതിന്റെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു. കുടംബശ്രീയില്‍ അംഗമായുള്ള വനിതകളുള്ള കുടുംബത്തിലെ പുരുഷന്‍മാരുടെ കൂട്ടായ്മകള്‍ക്കടക്കം ഇത്തരത്തില്‍ ഏതു സംരംഭം തുടങ്ങണം എന്ന കാര്യം അറിയിക്കാന്‍ അവസരമുണ്ട്.
പഞ്ചായത്ത് തലത്തില്‍ ഇവരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കിയാല്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് ബ്ലോക്ക് തലത്തില്‍ പൊതു അവബോധ പരിശീലന പരിപാടി സംഘടിപ്പിക്കും. പിന്നീട് ഇവര്‍ക്ക് വേണ്ട സംരംഭത്തിന് വായ്പ ലഭ്യമാക്കുന്നതിനുള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുകയും ചെയ്യും. ഡിസംബറോടെയാണ് തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുക. പ്രഫഷനല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നല്ല വരുമാനം കണ്ടെത്താനായി ഐടി, ടൂറിസം മേഖലകളില്‍ വിപുലമായ വ്യവസായ സംരഭങ്ങളൊരുക്കാനും പദ്ധതിയുണ്ട്.