ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: July 9, 2017 9:56 am | Last updated: July 9, 2017 at 9:56 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് ആഗസ്റ്റ് 13ന് തുടങ്ങും. ഹജ്ജ് ക്യാമ്പ് 12ന് വൈകീട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വാഗതം പറയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ,പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വിവിധ മുസ് ലിം സംഘടനാ പ്രപതിനിധികള്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, എയര്‍ പോര്‍ട്ട് ഡയറക്ടര്‍, കസ്റ്റംസ്, എമിഗ്രേഷന്‍ പ്രതിനിധികള്‍ സംബന്ധിക്കും. നെടുമ്പാശ്ശേരിയില്‍ നിന്ന് തന്നെയാണ് ഈ വര്‍ഷവും ഹജ്ജ് യാത്ര. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ആങ്കറിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത്. ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ക്യാമ്പിലെത്തണം. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് സഊദി എയര്‍ലൈന്‍സ് ഹജ്ജ് യാത്രക്കായി ഉപയോഗിക്കുന്നത്. 11,658 പേര്‍ക്ക് ഇതേ വരെയായി കേരളത്തില്‍ നിന്ന് ഹജ്ജിന് അനുമതി ലഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ വിഹിതം വെക്കുമ്പാള്‍ കേരളത്തില്‍ നിന്ന് ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.