തിര. കമ്മീഷണര്‍ നിയമനം

Posted on: July 9, 2017 9:33 am | Last updated: July 8, 2017 at 11:40 pm

കേന്ദ്ര സര്‍ക്കാറിന്റെ സജീവ പരിഗണന അര്‍ഹിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് സുപ്രീം കോടതി രേഖപ്പെടുത്തിയ ഉത്ക്കണ്ഠ. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെട്ട സ്വയം ഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസാരം രാഷ്ട്രപതിയാണ് നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും കമ്മീഷന്‍ അംഗങ്ങളേയും നിയമിക്കുന്നത്. സി ബി ഐ തലവനെ കണ്ടെത്തുന്നതിനും നിയമിക്കുന്നതിനും പ്രത്യേക നടപടി ക്രമമുള്ളപ്പോള്‍ അതിനേക്കാള്‍ സുപ്രധാനവും പാര്‍ലിമെന്റ്, നിയമസഭകള്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അവയോടനുബന്ധിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷണറാകാന്‍ യോഗ്യതയുള്ള മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ല. എന്ത്‌കൊണ്ട് ഇതിനായി സംവിധാനം ഏര്‍പ്പെടുത്തുന്നില്ലെന്നും ഇതിനുവേണ്ടി കൊളീജിയം രൂപവത്കരിച്ചു കൂടേയെന്നും കോടതി ചോദിക്കുന്നു. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ 324-ാം വകുപ്പ് ഇത്തരമൊരു നിയമ നിര്‍മാണത്തിന് അനുമതി നല്‍കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവിനെക്കൂടി അതില്‍ പങ്കാളിയാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം പ്രധാനമന്ത്രി സ്വയം കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായം നേരത്തെ തന്നെയുണ്ട്. 2012ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി വിരമിക്കാനിരിക്കെ ബി ജെ പിയുടെ സമുന്നത നേതാവ് അഡ്വാനി, തിരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി നിയമിക്കുന്നത് ജനങ്ങളില്‍ വിശ്വാസക്കുറവിനിടയാക്കുമെന്നും ഭരണകക്ഷികളുടെ താത്പര്യപ്രകാരമുള്ള നിയമനം പക്ഷപാതപരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി, ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഓരോ പ്രതിപക്ഷാംഗങ്ങള്‍ തുടങ്ങിയവരടങ്ങുന്ന ഒരു സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷനംഗങ്ങളെ നിയമിക്കേണ്ടതെന്നും അഡ്വാനി നിര്‍ദേശിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനായി രൂപവത്കരിച്ച കൊളീജിയത്തിന്റെ മാതൃകയിലുള്ള സംവിധാനമാണ് ഇതിന് അനുയോജ്യമെന്നാണ് വിരമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി അടുത്തിടെ അഭിപ്രായപ്പെട്ടത്.

കൊളീജിയം പോലുള്ള പ്രത്യേക നടപടിക്രമമോ, പ്രതിപക്ഷ നേതാവിന്റെ കൂടി അഭിപ്രായം മാനിക്കുകയോ ചെയ്യാതെ പ്രധാനമന്ത്രി സ്വമേധയാ നിശ്ചയിക്കുമ്പോള്‍ ഭരണപക്ഷത്തിന്റെ താത്പര്യങ്ങള്‍ കടന്നു വരാന്‍ സാധ്യതയുണ്ട്. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിയുടെ നിയമനത്തെക്കുറിച്ച് അങ്ങനെയൊരു ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. ഗുജറാത്ത് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന അചല്‍ കുമാര്‍ ജ്യോതി മോദിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്. 65 വയസ്സാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രായപരിധിയെന്നിരിക്കെ 64കാരനായ ജ്യോതിക്ക് ഒരു വര്‍ഷം മാത്രമേ പുതിയ പദവിയില്‍ തുടരാനാകൂ. ഒരു വ്യക്തിക്ക് ആറ് വര്‍ഷം വരെ തുടരാന്‍ അര്‍ഹതയുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ തന്നെ നിയമിച്ചത് ഇക്കൊല്ലം ഗുജറാത്തിലും ഹിമാചലിലും അടുത്ത വര്‍ഷം മധ്യപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ സംസ്ഥാനങ്ങളില്‍ ചിലതില്‍ ബി ജെ പി കനത്ത വെല്ലുവിളി നേരിടുന്നുണ്ട്.

ഇതുവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനങ്ങള്‍ സുതാര്യവും തൃപ്തികരവുമാണെന്നിരിക്കെ എന്തിന് മറ്റൊരു സംവിധാനമെന്നാണ് കോടതി നിര്‍ദേശത്തോട് പ്രതികരിക്കവേ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റ നിലപാടുകളില്‍ നേരത്തെ ബി ജെ പി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യം അവര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വാരാണസിയില്‍ മോദി നടത്താനിരുന്ന റോഡ് ഷോ, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞപ്പോള്‍ കമ്മീഷന്റെ നിഷ്പക്ഷതയില്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെ സന്ദേഹം പ്രകടിപ്പിച്ചിരുന്നു. കമ്മീഷണറുടെ ഇത്തരം നിലപാടുകള്‍ ജനാധിപത്യക്രമത്തിലെ കറുത്ത അധ്യായമായി ചരിത്രം രേഖപ്പെടുത്തുമെന്നാണ് ബി ജെ പി അനുകൂല മാധ്യമങ്ങള്‍ അന്നെഴുതിയത്. ഇത്തരം പരാതികള്‍ ഒഴിവാക്കാനും നീതിയുക്തവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പുവരുത്താനും പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന് വ്യക്തമായതും കുറ്റമറ്റതുമായ നടപടിക്രമങ്ങള്‍ വേണ്ടതാണ്.