പെഹ്‌ലു ഖാന്റെ മകന്‍ പറയുന്നു; ഇന്ത്യ ഞങ്ങളുടെയും ജന്മനാട്, പാക്കിസ്ഥാനിലേക്ക് പോകില്ല

Posted on: July 8, 2017 2:54 pm | Last updated: July 8, 2017 at 3:47 pm


ന്യൂഡല്‍ഹി: ഇന്ത്യ ഞങ്ങളുടെയും ജന്മനാടാണെന്നും മുസ്‌ലിംകള്‍ ജീവിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നും ഗോരക്ഷാ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍. സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്നും ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

ഭൂമി അധികാര്‍ ആന്ദോളന്‍ എന്ന സംഘടന കര്‍ഷകരുടെ പ്രതിസന്ധി, പശു രാഷ്ട്രീയവും ആള്‍ക്കൂട്ട ആക്രമങ്ങളും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ് ഖാന്‍. ഹിന്ദുക്കളും മുസ്ലീമുകളും സമാധാനത്തോടെയാണ് ജീവിച്ചുപോകുന്നത്.

മതത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ ഭിന്നിപ്പിക്കുകയാണ് ചിലര്‍. മുസ്‌ലിംകള്‍ ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകണമെന്ന് അവര്‍ പറയുന്നു. എന്നാല്‍, ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്. ഞങ്ങളുടെയും മാതൃരാജ്യമാണിത്. അതിനാല്‍ തന്നെ ഞങ്ങള്‍ പാക്കിസ്ഥാനില്‍ പോയി ജീവിക്കില്ല.

55കാരനായ പെഹ്‌ലു ഖാനെ മക്കളായ ഇര്‍ഷാദിന്റെയും ആരിഫിന്റെയും മുന്നില്‍വെച്ചാണ് ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. മര്‍ദനത്തില്‍ മാരകമായിപരുക്കേറ്റ പെഹ്‌ലു ഖാന്‍ ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.