വീണ്ടും പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം; ഡല്‍ഹിയില്‍ ആറ് പേരെ ക്രൂരമായി മര്‍ദിച്ചു

Posted on: July 8, 2017 1:47 pm | Last updated: July 8, 2017 at 9:00 pm

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ട് ഏറെ നാളായില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ ആക്രമണമുണ്ടായി. ഡല്‍ഹിയിലെ ബാബ ഹരിദാസ് നഗറിലാണ് ഒടുവിലത്തെ സംഭവമുണ്ടായത്. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. വാഹനത്തിന് കല്ലെറിഞ്ഞ ശേഷമായിരുന്നു മര്‍ദനം.
പോത്ത് കിടാവുകളെ കൊണ്ടുവരികയായിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാല്‍പ്പതുകാരനായ അലി ജാനിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരച്ചറിഞ്ഞിട്ടില്ലെങ്കിലും പ്രദേശവാസികള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.