Connect with us

Health

ഡങ്കിപ്പനി വീണ്ടും വരുന്നത് ഗുരുതരം; കരുതല്‍ വേണം

Published

|

Last Updated

സംസ്ഥാനത്ത് ഇത്തവണ ഡങ്കിപ്പനി പടര്‍ന്നുപിടിക്കുകയാണ്. നൂറുക്കണക്കിന് ആളുകളാണ് ഡങ്കിപ്പനി ബാധിച്ച് വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ രോഗം കഠിനമായി മരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തെ നിസ്സാരമായി കാണാന്‍ സാധിക്കില്ല.

ഡങ്കിപ്പനി ഒരിക്കല്‍ ഉണ്ടായി മാറിയവര്‍ക്ക് വീണ്ടും വരുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സാധാരണ വൈറല്‍ പനി ഒരിക്കല്‍ ഉണ്ടായാല്‍ അത് മാറുന്നതോടെ ആ വൈറസിന് എതിരായ പ്രതിരോധം ശരീരം കൈവരിക്കും. ഇത് പിന്നീട് അതേ രോഗം വരുന്നത് തടയും. ശരീരം പുറപ്പെടുവിക്കുന്ന ആന്റി ബോഡികളാണ് ഇതിന് കാരണം. എന്നാല്‍ ഡങ്കിപ്പനി വിവിധ തരം ജനിതക ഘടനയുള്ള രോഗമായതിനാല്‍ ഒരിക്കല്‍ വന്നവര്‍ക്ക് മറ്റൊരു ജനിതക ഘടനയുള്ള രോഗം വീണ്ടും വരാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ അപകടകരമായ പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും.

1, 2, 3, 4 എന്നിങ്ങനെ ഗൗരവ സ്വഭാവത്തിന് അനുസരിച്ച് നാല് ഗ്രേഡുകളായി ഡങ്കിപ്പനിയെ വൈദ്യശാസ്ത്രം തിരിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഗ്രേഡില്‍പെട്ട ഡങ്കിപ്പനി ഉണ്ടായി മാറിയയാള്‍ക്ക് മറ്റൊരു ഗ്രേഡില്‍പെട്ട ഡങ്കി ഉണ്ടാകുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ഒന്നാം ഗ്രേഡില്‍ പെട്ട ഡങ്കിപ്പനി ബാധിച്ച ഒരാള്‍ക്ക് പിന്നീട് രണ്ടാം ഗ്രേഡില്‍പെട്ട രോഗമുണ്ടായാല്‍ അത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ആദ്യം രോഗം ഉണ്ടായപ്പോള്‍ പുറപ്പെടുവിച്ച ആന്റിബോഡികള്‍ രണ്ടാമത് രോഗം വരുമ്പോള്‍ പുറപ്പെടുവിക്കുന്ന വൈറസ് ആന്റിജനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് കാരണം. ഈ പ്രതിപ്രവര്‍ത്തനം മൂലം രക്തത്തിലെ പ്ലാസ്മ ശരീരത്തിന് പുറത്തേക്ക് പ്രവഹിക്കാനും രക്തസമ്മര്‍ദം താഴാനും സാധ്യതയുണ്ട്. ഇത് വഴി രക്തസ്രാവം സംഭവിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ അതീവ ജാഗ്രതതയും വിദഗ്ധ ചികിത്സയും നല്‍കിയെങ്കില്‍ മാത്രമേ രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്താനാകൂ.

ഒരിക്കല്‍ ഡങ്കി പിടിപെട്ടവര്‍ പിന്നീട് ഇത് വരാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയാക്കി കൊതുകിന് വളരാനുള്ള സാഹചര്യം തടയണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ റിപ്പലന്റുകളും കൊതുകുവലകളും ഉപയോഗിക്കണം. രണ്ടാമത് പനിയുടെ ലക്ഷണം കാണുമ്പോള്‍ തന്നെ ചികിത്സ തേടുകയും വേണം.

---- facebook comment plugin here -----

Latest