Connect with us

International

ജി 20 ഉച്ചകോടിക്കിടെ മോദി- ജിന്‍പിംഗ് അനൗദ്യോഗിക കൂടിക്കാഴ്ച

Published

|

Last Updated

Tashkent : Prime Minister Narendra Modi with Chinese President Xi Jinping during a meeting in Tashkent on Thursday on the sidelines of SCO Summit. PTI Photo (PTI6_23_2016_000094B)

ഹംബര്‍ഗ്: സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ജി 20 ഉച്ചകോടിക്കിടെ അനൗപചാരിക കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ നടന്ന ബ്രിക്‌സ് രാജ്യത്തലവന്മാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചക്കിടെയാണ് മോദിയും സി ജിന്‍പിംഗും ഹസ്തദാനം നടത്തിയത്. വിവിധ വിഷയങ്ങള്‍ ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മോദിയും ജിന്‍പിംഗും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്‌ലെ ട്വീറ്റ് ചെയ്തു. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രവും മന്ത്രാലയം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉച്ചകോടിക്കിടെ ഇരു രാഷ്ട്രത്തലവന്മാരും പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്നായിരുന്നു ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. “ചര്‍ച്ചക്ക് പറ്റിയ അന്തരീക്ഷമല്ലെ”ന്നായിരുന്നു കാരണമായി ചൈന അറിയിച്ചത്. എന്നാല്‍, ഉച്ചകോടിക്കിടെ സി ജിന്‍പിംഗുമായി പ്രത്യേകം ചര്‍ച്ചക്ക് ഇതുവരെ ആവശ്യമുയര്‍ത്തിയിട്ടില്ലെന്നായിരുന്നു ഇതിനോട് ഇന്ത്യ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ മാസം കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന ഷാംഗ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കിടെയാണ് ഇരുവരും ഇതിന് മുമ്പ് കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ- ഭൂട്ടാന്‍- ചൈന അതിര്‍ത്തി പ്രദേശമായ ദോക്‌ലായില്‍ മൂന്നാഴ്ചയായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ജി 20 ഉച്ചകോടി ജര്‍മനിയിലെ ഹംബര്‍ഗില്‍ നടക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ഭൂട്ടാനും രംഗത്തുണ്ട്. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ അര്‍ഥപൂര്‍ണമായ ചര്‍ച്ച നടക്കില്ലെന്നായിരുന്നു ചൈനയുടെ നിലപാട്.

അതേസമയം, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരീസ് ഉടമ്പടി അഭിപ്രായൈക്യത്തോടെ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് നരേന്ദ്ര മോദി ഉച്ചകോടിക്കിടെ നടന്ന ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ പറഞ്ഞു. ഇന്ത്യക്കും ചൈനക്കും പുറമെ ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗങ്ങളാണ്. ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ യു എസ് ഏകപക്ഷീയമായി തീരുമാനിച്ച സാഹചര്യത്തിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പാരീസ് ഉടമ്പടി അക്ഷരംപ്രതി ഇന്ത്യ നടപ്പാക്കുമെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹംബര്‍ഗിലുണ്ട്.