ശൗചാലയങ്ങളില്ലാതെങ്ങനെ ശുചിത്വം?

Posted on: July 7, 2017 6:30 am | Last updated: July 6, 2017 at 11:48 pm

ജലജന്യരോഗങ്ങള്‍, ജന്തു ജന്യ രോഗങ്ങള്‍, മറ്റു സാംക്രമിക രോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് കേരളം വിറകൊള്ളുകയാണ്. ആയിരങ്ങള്‍ ആശുപത്രികളില്‍ കഴിയുമ്പോള്‍ അതിന്റെ പതിന്മടങ്ങാളുകള്‍ വീടുകളില്‍ കിടപ്പിലാണ്. ആരോഗ്യ പ്രവര്‍ത്തനത്തിലും ആശുപത്രി സംവിധാനങ്ങളിലും വന്‍ കുതിപ്പ് നടത്തിയ കേരളം, അതിന്റെ ആരോഗ്യ പ്രവര്‍ത്തനം ബോധവത്കരണ പ്രഭാഷണത്തില്‍ ഒതുങ്ങുന്നതാണെന്ന് വിലയിരുത്തേണ്ടിവന്നിരിക്കുകയാണ്.

ഭക്ഷണം, വ്യായാമം, വിശ്രമം, ശുചിത്വം- ഈ നാല് കാര്യങ്ങളിലുമുള്ള ശ്രദ്ധയും ചിട്ടയുമാണ് ആരോഗ്യ സംരക്ഷണത്തിന്റെ ആണിക്കല്ല്. ഇതില്‍ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവ ഒരാള്‍ ആവശ്യാനുസൃതം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അയാളുടെ ആരോഗ്യത്തെ മാത്രമായിരിക്കും നേരിട്ട് ബാധിക്കുക. എന്നാല്‍, ശുചിത്വം അങ്ങനെയല്ല. ഒരാളുടെ വൃത്തിഹീനമായ പ്രവര്‍ത്തനം അയാളോടൊപ്പം തന്റെ കുടുംബം, അയല്‍ക്കാര്‍, നാട്ടുകാര്‍ എല്ലാവരുടെയും ആരോഗ്യത്തകര്‍ച്ചക്ക് കാരണമാകും.

ഇവിടെയാണ് ‘വൃത്തി വിശ്വാസത്തിന്റെ അര്‍ധഭാഗമാണ്’ എന്ന നബി(സ)വചനം പ്രസക്തമാകുന്നത്. മനസ്സില്‍ വിശ്വസിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞ് ഉറപ്പിച്ചുകഴിഞ്ഞാല്‍ ഹൃദയശുദ്ധി കൈവരിക്കാനാകും. എന്നാല്‍, ശരീരവും ധരിക്കുന്ന ഉടയാടകളും താമസിക്കുന്ന വീടും പരിസരവും ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുമെല്ലാം ശുദ്ധിയാക്കുമ്പോള്‍ മാത്രമാണ് ഒരാളുടെ മതം പൂര്‍ത്തിയാകുന്നത്.
മനുഷ്യരെ കടന്നാക്രമിച്ച് രോഗികളാക്കിക്കളയുന്ന അണുക്കളും വൈറസുകളും കുടികൊള്ളുന്നത് പ്രധാനമായും മാലിന്യങ്ങളിലാണ്. ഇവയുമായുള്ള സമ്പര്‍ക്കം കുറച്ച് വൃത്തിയും ശുചിത്വവും പാലിക്കുകയാണ് ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ചവ്യാധികളെ തടയാനും ആദ്യം ചെയ്യേണ്ടത്.

മാലിന്യങ്ങളില്‍ ഏറെ ഗൗരവമുള്ളവയാണ് മനുഷ്യവിസര്‍ജ്യങ്ങള്‍ മുതല്‍ ഇതര ജീവികളുടെ ശവങ്ങളടക്കമുള്ളവ. ഇവയെ കൈകാര്യം ചെയ്യുന്നതില്‍ ഇന്നും ഒരു പരിഷ്‌കൃത സമൂഹത്തോടൊപ്പമെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. വെളിമ്പ്രദേശങ്ങളില്‍ നിന്ന് മൂത്രമൊഴിക്കുന്ന കാഴ്ച ഇന്നും നമ്മുടെ നാട്ടില്‍ സര്‍വസാധാരണമാണ്. ബസ്റ്റാന്റിന്റെ ചുമരുകളോട് ചേര്‍ന്നും തെരുവുകളിലെ ഊടുവഴികളിലുമെല്ലാം ഒരു പൂന്തോട്ടം നനയ്ക്കുന്ന ലാഘവത്തോടെ നിന്ന് മൂത്രിക്കുന്നവരെ നമുക്ക് കാണാം. നിലത്ത് നിന്ന് തെറിച്ച് വസ്ത്രത്തിലും അടിയുടുപ്പിലുമെല്ലാം പലതരം രോഗാണുക്കളുണ്ടാകാന്‍ സാധ്യതയുള്ള ഈ മൂത്രവുമായിട്ടാണ് പലരും പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്തിനധികം, പലരുടെയും കൈകളില്‍ പോലും തുള്ളികളുണ്ടാകാം. ഇത് അപകടകരമാണ് എന്ന തിരിച്ചറിവ് ലഭിക്കാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. കാരണം, അത്രമാത്രം ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ ഇവിടെ നടക്കുന്നുണ്ട്. ശുചിത്വ ഹര്‍ത്താലടക്കമുള്ള വിപ്ലവങ്ങള്‍ വേറെയുമുണ്ട്. പക്ഷേ, പ്രസംഗിച്ചാലും അത് കേട്ടാലും ആരോഗ്യമുണ്ടാകില്ല. പ്രവൃത്തിയാണ് വേണ്ടത്.
കേരളീയ നഗരങ്ങളിലെത്തിയാല്‍ ഒരാള്‍ക്ക് മൂത്രശങ്കയുണ്ടായാല്‍ അയാള്‍ എന്ത് ചെയ്യും? ബോധവത്കരണ പ്രസംഗത്തില്‍ കേട്ടത് പൊതു സ്ഥലത്ത് വിസര്‍ജിക്കരുത് എന്നാണ്. എന്നാല്‍ എവിടെ വിസര്‍ജിക്കും? ഈ ചോദ്യത്തിനാണ് പ്രായോഗികമായ ഉത്തരം കണ്ടെത്തേണ്ടത്. കോഴിക്കോട് നഗരത്തില്‍ ഒരു ദിവസം ഒരു ലക്ഷം പേരെങ്കിലും യാത്രക്കാരായി എത്തുന്നു എന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍, കോഴിക്കോട്ടുള്ള പൊതു കക്കൂസുകളുടെ എണ്ണമെത്രയാണ്? ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഈ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ല.
ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന ഭീമമായ സംഖ്യയില്‍ നിന്നും അടിസ്ഥാനപരമായി ഈ ആവശ്യത്തിന് വേണ്ടി, നമ്മുടെ പ്രാദേശിക ഭരണകൂടങ്ങള്‍ എത്ര പണം ചെലവഴിക്കുന്നുണ്ട് എന്നതും പരിശോധിക്കപ്പെടണം. ഇനി പൊതുകക്കൂസുകളുടെ നിര്‍മാണം മാത്രം നടത്തിയാല്‍ പ്രശ്‌നപരിഹാരമാകില്ല. അതിന്റെ പരിപാലനവും കൂടി ശ്രദ്ധിക്കണം. കേരളത്തിലെ പല പൊതു ശൗചാലയങ്ങളിലേക്ക് വിസര്‍ജനത്തിന് പോയാല്‍ ചര്‍ദിച്ചുതിരിച്ചുപോരേണ്ട അവസ്ഥയാണ്.

ഇത്തരുണത്തില്‍ മാതൃകാപരമായി ഉയര്‍ത്തിക്കാട്ടാവുന്ന ഒരു സംവിധാനമാണ് മുസ്‌ലിം പള്ളികളോട് ചേര്‍ന്ന് നിര്‍മിക്കുന്ന ശൗചാലയങ്ങള്‍. ശാസ്ത്രീയമായി സംവിധാനിച്ച് ശുദ്ധജല സൗകര്യത്തോടെ നിര്‍മിച്ച ഇവയുടെ പരിപാലനത്തിനായി ഓരോ മാസവും മുസ്‌ലിം സമുദായം കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ലോകത്തെ മുഴുവന്‍ പള്ളികളിലും ശുചീകരണത്തിനായി ഒരു ജീവനക്കാരനുണ്ട്. സമുദായമാണ് മിക്ക സ്ഥലത്തും അവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. ഇതുവഴി ടൗണുകളിലെത്തുന്ന പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ തെരുവില്‍ വിസര്‍ജിക്കുന്നതൊഴിവാക്കി പള്ളികളിലെ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ്.
അപ്പോള്‍, മുസ്‌ലിം പള്ളികള്‍ ഒരു ടൗണില്‍ എത്രയുണ്ടോ അത്രയും ആ ടൗണിന് ആരോഗ്യരംഗത്ത് മുന്നേറാന്‍ കഴിയുമെന്ന് സാരം. ഇത് മാതൃകയാക്കി ഭരണകൂടങ്ങള്‍ പരിസര ശുചിത്വം കാത്തുസൂക്ഷിക്കാന്‍ പൊതു ടോയിലറ്റുകള്‍ നിര്‍മിച്ചു പരിപാലിക്കട്ടെ. പകര്‍ച്ചവ്യാധികള്‍ പമ്പകടക്കും.