Connect with us

Gulf

ദേര മത്സ്യ മാര്‍ക്കറ്റില്‍ അമിത വിലയെന്ന പ്രചാരണം തെറ്റെന്ന് വ്യാപാരികള്‍

Published

|

Last Updated

മത്സ്യ വ്യാപാരി റാഫി

ദുബൈ: ദേരയിലെ പുതിയ മത്സ്യ മാര്‍ക്കറ്റില്‍ അമിത വിലയെന്ന പ്രചാരണം തെറ്റെന്ന്

വ്യാപാരികള്‍. മീന്‍ ലഭ്യത കുറവിന്റെ ചുവട് പിടിച്ചു മാത്രമെ വ്യാപാരികള്‍ വില ഉയര്‍ത്തിയിട്ടുള്ളു. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. പുതിയ മാര്‍ക്കറ്റില്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതോടെ അതിനുള്ള വാടകക്കും മറ്റ് ചിലവുകള്‍ മറികടക്കുന്നതിനും വേണ്ടി വില ഉയര്‍ത്തേണ്ടി വന്നിട്ടില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ആദ്യ വാരത്തിലാണ് പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങിയ സമയത്തു തന്നെ യു എ ഇയില്‍ ഉഷ്ണ കാലാവസ്ഥ ആരംഭിച്ചിരുന്നു. കരയില്‍ ഉഷ്ണം കനക്കുന്നതോടെ മീന്‍ കൂട്ടങ്ങള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പ്രതിഭാസമുണ്ട്. ഈ സമയത്തു മല്‍സ്യ ബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് മീന്‍ ലഭ്യത കുറവായിരിക്കും. അത്തരത്തിലുള്ള മീന്‍ ലഭ്യത കുറവാണ് പുതിയ മത്സ്യ മാര്‍ക്കറ്റിനെ ബാധിച്ചിട്ടുള്ളതെന്ന് ത്യശൂര്‍ എടമുട്ടം സ്വദേശിയും മല്‍സ്യ മാര്‍ക്കറ്റിലെ വ്യാപാരിയുമായ റാഫി സിറാജിനോട് പറഞ്ഞു. മാര്‍ക്കറ്റിലെ വ്യാപാരത്തിന് ആവശ്യമായതും സാധാരണക്കാര്‍ക്ക് ജനപ്രിയമേറിയതുമായ മല്‍സ്യങ്ങളുടെ വരവ് ഉഷ്ണകാലമായതോടെ കുറഞ്ഞിട്ടുണ്ട്. ഇതുമൂലമാണ് വ്യാപാരികള്‍ വില ഉയര്‍ത്തേണ്ടി വന്നിട്ടുള്ളതെന്ന് റാഫി വ്യക്തമാക്കി.
മാര്‍ക്കറ്റിലേക്ക് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എത്തിപ്പെടാന്‍ അസൗകര്യമുണ്ട്. പഴയ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെട്രോ സ്റ്റേഷന്‍, ബസ് സൗകര്യങ്ങള്‍ തുടങ്ങിയവ സാധാരണക്കാരെ മാര്‍ക്കറ്റിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വിപുലമായ പൊതു ഗതാഗത സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ പുതിയ മാര്‍ക്കറ്റിലേക്കും ആകര്‍ഷിക്കാന്‍ കഴിയുമെന്നും വ്യാപാരം പഴയ മാര്‍ക്കറ്റിലേതു പോലെ ഉയര്‍ത്താന്‍ കഴിയുമെന്നും റാഫി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

പുതിയ മത്സ്യ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള അത്യാധുനിക സൗകര്യത്തോടെയുള്ള പാര്‍ക്കിംഗ് കേന്ദ്രം തറ നിരപ്പിന് താഴെ ഒരുക്കിയിട്ടുണ്ട്.വാഹനങ്ങളിലേക്ക് മല്‍സ്യങ്ങള്‍ നിറച്ച ട്രോളികള്‍ നേരിട്ടെത്തിക്കുന്നതിന് റാമ്പ് സൗകര്യത്തോടു കൂടിയ എസ്‌കലേറ്ററുകള്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍ തൂക്കം പിടിക്കുന്നതിന് പ്രത്യേക ഇലക്ട്രോണിക്‌സ് സംവിധാനത്തോടെയുള്ള തുലാസുകളാണ് കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് മല്‍സ്യങ്ങള്‍ വൃത്തിയാക്കി ലഭിക്കുന്നതിനും ശാസ്ത്രീയമായ ശുചിത്വ സംവിധാനങ്ങളോട് കൂടിയ പ്രത്യേക കേന്ദ്രവും മല്‍സ്യ മാര്‍ക്കറ്റിനൊപ്പം ഒരുക്കിയിട്ടുണ്ട്.

അതേ സമയം, വ്യാപാര കൗണ്ടുകറുകളുടെ സമീപ വശങ്ങളിലോ മറ്റോ ഇരിക്കുന്നതിന് അധികൃതരുടെ വിലക്കുണ്ടെന്നു ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കുന്നതിനോ മറ്റോ കഴിയുകയില്ല. വിശ്രമ സമയത്തു അല്പമൊന്നിരിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടില്ല. പുറത്തെ കഫ്ത്തീരിയയുടെ ഇരിപ്പിടങ്ങളില്‍ മാത്രമെ വിശ്രമിക്കാന്‍ കഴിയൂ. കൂടുതല്‍ ആളുകള്‍ കഫ്ത്തീരിയകളില്‍ എത്തുന്ന സമയത്താണെങ്കില്‍ ഈ ഇരിപ്പിടങ്ങള്‍ മാറികൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് പാകിസ്ഥാന്‍ സ്വദേശിയായ മല്‍സ്യ വ്യാപാരി മുഹമ്മദ് ഇബ്രാഹിം പറയുന്നു. കൗണ്ടറുകള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും ഭീമമായ തുകയാണ് നല്‍കേണ്ടി വരുന്നത്. രണ്ട് കൗണ്ടറുകള്‍ വ്യാപാരത്തിനായി ഉപയോഗിക്കാന്‍ പ്രതിമാസം 12,000 ദിര്‍ഹം വാടക നല്‍കണം. വൈദ്യുതി, ശുചീകരണം തുടങ്ങിയവയുടെ ചിലവുകള്‍ക്ക് പുറമെയാണിത്. മല്‍സ്യം കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള ഫ്രീസര്‍ സംവിധാനത്തിന് പ്രതി വര്‍ഷം 10,000 ദിര്‍ഹം നല്‍കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഉപഭോക്താക്കള്‍ മാര്‍ക്കറ്റിലേക്കെത്തി വ്യാപാരം പൂര്‍വ്വ സ്ഥിതി പ്രാപിച്ചാല്‍ ചിലവുകള്‍ മറികടക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest