ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്ക് രണ്ടു സ്വര്‍ണമടക്കം അഞ്ചു മെഡല്‍

Posted on: July 6, 2017 9:30 pm | Last updated: July 7, 2017 at 12:12 pm

ഭുവനേശ്വര്‍: സ്വര്‍ണം, വെള്ളി, വെങ്കലം ! മെഡല്‍പ്പട്ടികയില്‍ ഇന്ത്യ സമ്പൂര്‍ണാധിപത്യം പ്രദര്‍ശിപ്പിച്ചു കൊണ്ട് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തെ ഷോ പൂര്‍ത്തിയായി. ഇന്നലെ നടന്ന ഏഴ് ഫൈനലുകളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ ഏഴ് മെഡലുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ ചൈനയെ വെല്ലുവിളിക്കുന്നു. ഇറാന്‍, കിര്‍ഗിസ്ഥാന്‍, വിയറ്റ്‌നാം ആദ്യ ദിനം സ്വര്‍ണം നേടിയിട്ടുണ്ട്.

ഇന്ത്യ ആദ്യ സ്വര്‍ണം ഉറപ്പിച്ചത് വനിതകളുടെ ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗറിലൂടെയാണ്. 18.28 മീറ്റര്‍ എറിഞ്ഞാണ് മന്‍പ്രീത് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ഇതോടെ, അടുത്ത മാസത്തെ ലണ്ടന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനും മന്‍പ്രീത് യോഗ്യത നേടി. 18.28 മീറ്റര്‍ എറിഞ്ഞാണ് മന്‍പ്രീത് വന്‍കരയെ ഞെട്ടിച്ചത്. രണ്ടാം സ്വര്‍ണം പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി ലക്ഷ്മണിലൂടെയും. ഇന്നലെ നടന്ന അവസാന ഇനമായ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അനുറാണി വെങ്കലം നേടിയത് മെഡലുകളുടെ എണ്ണം ഏഴിലേക്ക് ഉയര്‍ത്തി.

മീറ്റില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ പുരുഷ ഡിസ്‌കസില്‍ വികാസ് ഗൗഡ നേടി. 60.81 മീറ്ററാണ് വികാസ് എറിഞ്ഞത്. 66.28 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡുള്ള വികാസ് സീസണില്‍ കണ്ടെത്തിയ മികച്ച ദൂരം 61.61 മീറ്ററായിരുന്നു. ട്രയല്‍സില്‍ അറുപതിന് താഴെയാണ് വികാസ് എറിഞ്ഞത്. അതുകൊണ്ടു തന്നെ വികാസിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു.
പ്രതീക്ഷിച്ചതിലും മികച്ച തുടക്കം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. ഇന്ന് പത്ത് ഫൈനലുകള്‍ നടക്കും. ചൈന തിരിച്ചുവരവ് ലക്ഷ്യമിടുന്നത് ഇന്ന് നടക്കുന്ന ഇനങ്ങളിലാണ്.

വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളിത്തിളക്കമായിരുന്നു കണ്ടത്. വി നീന വെള്ളിയും നയന ജെയിംസ് വെങ്കലവും നേടി. ഒരേയിനത്തില്‍ രണ്ട് മെഡലും അങ്ങനെ മലയാളികളുടെ പേരിലായി. സ്വര്‍ണം നേടാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും, രണ്ട് മെഡലുകള്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നയന മാധ്യമങ്ങളോട് പറഞ്ഞു.
മീറ്റിലെ ആദ്യ സ്വര്‍ണം ഇറാനാണ് നേടിയത്. പുരുഷ ഡിസ്‌കസ് ത്രോയില്‍ ഇറാന്റെ ഹദാദി ഇഹാനാണ് സ്വര്‍ണം നേടിയത്.

മലേഷ്യയുടെ ഇര്‍ഫാന്‍ മുഹമ്മദ് വെള്ളിയും നേടി. വനിതകളുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ മോണിക്ക ചൗദരിയും പി യു ചിത്രയും ഫൈനല്‍ റൗണ്ടിലെത്തിയിട്ടുണ്ട്.
അതേ സമയം പുരുഷ വിഭാഗം 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി.

ക്വാളിഫൈയിംഗ് പട്ടികയില്‍ ഏറ്റവും മികച്ച സമയം അജയ് കുമാറിന്റെതാണ് എന്നത് മെഡല്‍ പ്രതീക്ഷ നല്‍കുന്നു.