തന്റെ മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി

Posted on: July 6, 2017 9:12 am | Last updated: July 6, 2017 at 1:42 pm


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പള്‍സര്‍ സുനി ആവര്‍ത്തിച്ചു. കേസില്‍ ചില കാര്യങ്ങള്‍ പുറത്ത് പറഞ്ഞതിന്റെ ഫലമാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും തന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും സുനി പറഞ്ഞു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുവഴി മാധ്യമങ്ങളോടാണ് സുനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ചോദ്യത്തോട് ഇയാള്‍ പ്രതികരിച്ചില്ല.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷായേയും ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ചതായി ചോദ്യം ചെയ്യലിനിടെ നേരത്തെ പള്‍സര്‍ സുനി സമ്മതിച്ചിരുന്നു. വിളിച്ചത് പണത്തിന് വേണ്ടിയാണ്. നാല് തവണയാണ് ഇരുവരെയും വിളിച്ചത്. കത്തിലെ വിവരങ്ങള്‍ ശരിയാണെന്നും സുനി പോലീസിനോട് പറഞ്ഞതായാണ് വിവരം.

മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ സുനിയെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ജയിലില്‍ നിന്ന് നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് സുനി പണം ആവശ്യപ്പെട്ടിരുന്നുവെന്നും സൗഹൃദസംഭാഷണമായിരുന്നു ഇവര്‍ നടത്തിയതെന്നും സഹതടവുകാരന്‍ ജിന്‍സന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിവരെയാണ് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.