ഇസില്‍ പതനം

Posted on: July 6, 2017 7:57 am | Last updated: July 5, 2017 at 11:02 pm

ഇറാഖിലെ മൊസൂളിലും സിറിയയിലെ റഖയിലും പാല്‍മിറയിലും ഫിലിപ്പൈന്‍സിലെ തെക്കന്‍ മേഖലകളിലും ഇസില്‍ തീവ്രവാദികള്‍ക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഭീകരതക്കെതിരായ സൈനിക നീക്കത്തില്‍ നിര്‍ണായക വിജയമാണ്. അബൂബക്കര്‍ ബഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയെന്ന് പറയപ്പെടുന്ന അന്നൂരി പള്ളിയില്‍ നിന്ന് വരെ ഇസിലിനെ തുരത്താന്‍ സാധിച്ചു. പള്ളി തകര്‍ത്തു കൊണ്ടാണ് ഈ മതവിരുദ്ധ, മനുഷ്യത്വവിരുദ്ധ സംഘം പരാജയത്തിന്റെ കലി തീര്‍ത്തത്. ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന ക്രൂരമായ ആക്രമണ വ്യാപനമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് അഥവാ ഇസില്‍ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുയായി വൃന്ദങ്ങളെ സൃഷ്ടിക്കുകയും പാരീസ്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന മിന്നല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തതോടെ ഇസില്‍ സംഘം അല്‍ ഖാഇദയേക്കാള്‍ അപകടകാരികളായ ഭീകരസംഘമായി മാറിക്കഴിഞ്ഞുവെന്ന വിലയിരുത്തല്‍ ശക്തമായി. മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര, സുരക്ഷാ ചര്‍ച്ചകളിലും രാഷ്ട്ര കൂട്ടായ്മകളിലും ഇസില്‍ പ്രധാന വിഷയമാകുകയും അമേരിക്കയുടെ ഇറാനോടുള്ള സമീപനമടക്കം ഭൗമരാഷ്ട്രീയ നീക്കു പോക്കുകള്‍ക്ക് ആധാരമായി ഈ ഭീകര സംഘം മാറുകയും ചെയ്തു. ഇറാഖില്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റുകയും അവിടെ ശിയാ ഭരണകൂടത്തെ കുടിയിരുത്തുകയും ചെയ്ത ശേഷമാണ് ഇസില്‍ ഔപചാരികമായി രൂപപ്പെടാന്‍ തുടങ്ങിയത്. വംശീയമായ ചില യാഥാര്‍ഥ്യങ്ങള്‍ അതിന് വളം വെച്ചു കൊടുത്തു. ഇറാഖിലെ നൂരി അല്‍ മാലിക്കി സര്‍ക്കാറിന് മേല്‍ ഇറാനുള്ള സ്വാധീനവും സുന്നി വിഭാഗത്തിന് അദ്ദേഹത്തിന്റെ ഭരണകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന അവഗണനയും മുതലെടുത്ത്, സദ്ദാം ഭരണകാലത്തെ ചില സൈനിക ജനറല്‍മാരുടെ പിന്തുണയോടെ ഇത്തരമൊരു സംഘം ശക്തിയാര്‍ജിക്കുകയായിരുന്നു. എന്നാല്‍ കൃത്യമായി ഇത് എന്നുണ്ടായി, ആര് രൂപം നല്‍കി, ആര് പരിശീലനം നല്‍കി, ആര് ആയുധം നല്‍കി എന്നത് ഇന്നും ഔദ്യോഗിക ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. എന്നുവെച്ചാല്‍ ഭരണകൂടങ്ങള്‍ക്കേ ഉത്തരമില്ലാതുള്ളൂ. ലോകത്തിന്റെ സമാധാനപരമായ അതിജീവനത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാവരും ഇതെന്നല്ല എല്ലാ ഭീകര സംഘത്തിനും സയണിസവും സാമ്രാജ്യത്വവുമായുള്ള ബന്ധം വ്യക്തിമാക്കിയിട്ടുണ്ട്. ഉസാമ ബിന്‍ ലാദനെ കൊന്ന് കടലില്‍ തള്ളിയെന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ വല്ലാത്ത ശൂന്യത ആയുധക്കച്ചവട, സാമ്രാജ്യത്വ ചേരിക്ക് ഉണ്ടായിരുന്നു. രാഷ്ട്രങ്ങളില്‍ ശിഥിലീകരണ തന്ത്രവുമായി കടന്ന് കയറാനുള്ള സാധ്യത അടയുകയാണെന്ന് വന്നപ്പോള്‍ പുതിയ സംഘം പ്രത്യക്ഷപ്പെടുകയാണ് ചെയ്തതെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ക്കുള്ളത്.

അബൂബക്കര്‍ അല്‍ ബഗ്ദാദിയെന്ന പേര് അന്തരീക്ഷത്തില്‍ നിറയുകയും അദ്ദേഹം മൊസൂളിലെ അന്നൂരി പള്ളിയില്‍ വെച്ച് ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ ഒഴുകുകയും ചെയ്തതോടെയാണ് മറ്റൊരു തീവ്രവാദ ഗ്രൂപ്പിനും ലഭിക്കാത്ത പരിവേഷം ഇസിലിന് ലഭിച്ചത്. ഇസില്‍ എന്ന പേര് ഉപേക്ഷിച്ചതായും ഇസ്‌ലാമിക് സ്റ്റേറ്റ് ( ഐ എസ്) എന്ന് അറിയപ്പെടാന്‍ പോന്ന ആത്മവിശ്വാസം കൈവന്നതായും ബഗ്ദാദി പ്രഖ്യാപിച്ചു. ഖിലാഫത്ത് എന്ന ഉദാത്തമായ ആശയത്തെ തങ്ങളുടെ വിധ്വംസക പദ്ധതികളിലേക്ക് ചേര്‍ത്തുവെച്ചുവെന്നതാണ് ഇസിലിന്റെ സവിശേഷത. മത പരിഷ്‌കരണവാദത്തിന്റെയും നവസലഫിസത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും ആശയതലങ്ങളില്‍ അകപ്പെട്ടുപോയ നിരവധി പേരെ ആകര്‍ഷിക്കാന്‍ ഈ ഖിലാഫത്ത് പ്രഖ്യാപനം ഉപകരിച്ചു. സ്വര്‍ഗലബ്ധി സാക്ഷാത്കരിക്കപ്പെടാന്‍ ലഭ്യമായ ഏറ്റവും നല്ല വഴി ഇസിലില്‍ ചേരലാണെന്ന് ചില വിഡ്ഢികള്‍ ധരിച്ചു വശായി. സയണിസ്റ്റ് ചാരന്‍മാര്‍ നുഴഞ്ഞ് കയറി സൃഷ്ടിച്ചെടുത്ത പാളയത്തിലേക്ക് ഇവര്‍ മാര്‍ച്ച് ചെയ്തു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര അതൃപ്തികളിലേക്ക് ഇടിച്ചു കയറി ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും വലിയ ഭീഷണികള്‍ മുഴക്കുകയും ചെയ്തതോടെ ഇറാഖിന്റെയും ലെവന്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരാന്‍ ഇസിലിന് സാധിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളെ മറികടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആക്രമണം അരങ്ങേറാന്‍ തുടങ്ങിയതോടെ അമേരിക്ക ഉണര്‍ന്നു. ഇറാഖിലെ പുതിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തന്റെ വംശീയ ശത്രുതകള്‍ മുഴുവന്‍ മാറ്റിവെച്ച് കുര്‍ദ്, ശിയാ, സുന്നി ഐക്യ സൈനിക ശേഷി വികസിപ്പിച്ചെടുക്കുകയും യു എസിന്റെ പിന്തുണയോടെ ആഞ്ഞടിക്കുകയും ചെയ്തതിന്റെ ഫലമായാണ് ഇസിലിന്റെ അവസാന ശക്തി കേന്ദ്രമായ മൊസൂളില്‍ നിന്ന് അവരെ തുരത്താന്‍ സാധിച്ചത്. സിറിയയിലെ റഖയിലും പാല്‍മിറയിലുമെല്ലാം ഇതു പോലെയുള്ള സംയുക്ത നീക്കങ്ങളാണ് വിജയം കണ്ടത്.

ഇത് ഇസിലിന് മേലുള്ള സൈനിക വിജയം മാത്രമാണ്. ഇത്‌കൊണ്ട് ഇസില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടുവെന്നോ അവര്‍ക്ക് റീഗ്രൂപ്പ് ചെയ്യാന്‍ സാധിക്കില്ലെന്നോ പറയാനാകില്ല. അടിസ്ഥാനപരമായി മതത്തിന്റെ യാഥാര്‍ഥ്യത്തെയാണ് ഇവര്‍ ആക്രമിക്കുന്നത് എന്നതിനാല്‍ സാമ്രാജ്യത്വ ശക്തികളുടെ പരോക്ഷ പിന്തുണ ഇവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. ഈ ആയുധ, പരിശീലന ബാന്ധവം നിലനില്‍ക്കുന്നിടത്തോളം ഇവരെ ഒന്നും ചെയ്യാനാകില്ല. മതമൂല്യങ്ങളെ വളച്ചൊടിക്കാന്‍ ഇക്കൂട്ടര്‍ക്ക് പ്രചോദനം ലഭിക്കുന്നതും ആശയ ആശ്രയം ലഭിക്കുന്നതും മതപരിഷ്‌കരണ, മതരാഷ്ട്ര വാദ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നാണ്. അത്‌കൊണ്ട് സായുധ ഉന്‍മൂലനങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. എല്ലാ കരാറുകളിലും ഭീകരത ഒരു ഇനമായിരിക്കുകയും ചെയ്യട്ടെ. ഭീകരവാദ ആശയഗതിക്കെതിരെ ആശയപരമായ പോരാട്ടമാണ് ഇതിനെല്ലാം മേലെ ശക്തിയാര്‍ജിക്കേണ്ടത്. അതാകട്ടെ സാമ്രാജ്യത്വത്തിനും മതപാരമ്പര്യ നിഷേധത്തിനുമെതിരായ പോരാട്ടമാകണം.