ഇടതുമുന്നണി കയ്യേറ്റ മാഫിയക്കൊപ്പമെന്ന് വി മുരളീധരന്‍

Posted on: July 5, 2017 9:52 pm | Last updated: July 5, 2017 at 9:52 pm

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതോടെ സര്‍ക്കാരും ഇടതുമുന്നണിയും കൈയേറ്റ മാഫിയയ്‌ക്കൊപ്പമാണെന്ന് വ്യക്തമായതായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു. സബ്കളക്ടറെ മാറ്റിക്കൊണ്ട് കൈയേറ്റ മാഫിയയെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് തോല്‍പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കൈയേറ്റമൊഴിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചസബ്കളക്ടറെ അഭിനന്ദിക്കേണ്ടതിനു പകരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുകയാണുണ്ടായത്.ഭൂമികൈയേറ്റക്കാരുടെയും മാഫിയയുടെയും സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത്.
എന്നാല്‍ പിണറായിവിജയന്റെ സര്‍ക്കാരും അതില്‍നിന്നും വ്യത്യസ്തമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇക്കാര്യത്തില്‍ വി.എസ് നിലപാട് വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.