പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി: സ്‌കൂളുകളില്‍ താത്കാലിക നിയമനം തകൃതി

Posted on: July 5, 2017 2:35 pm | Last updated: July 5, 2017 at 2:26 pm

കല്‍പ്പറ്റ: അധ്യാപക നിയമനത്തിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി എസ് സി ) ജില്ലാ ഓഫീസില്‍ റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കിയിട്ടും. ജില്ലയിലെ സ്‌കുളുകളില്‍ വിവിധ ഭാഷാ-വിഷയങ്ങളുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. നിയമന നടപടികള്‍ സ്വീകരിക്കാനോ നിയമിച്ചവരെ സ്‌കുളുകളിലെ തസ്തികക്കനുസരിച്ച് മാറ്റാനോ അധികാരികളില്ലാത്തതാണ് പ്രശ്‌നം. ഇത് കാരണം വിദ്യാഭ്യാസ വകുപ്പില്‍ റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി താല്‍കാലിക നിയമനം തകൃതിയായി നടക്കുന്നു.
ജില്ലാ പി എസ് സി ഓഫീസില്‍ 58 റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്. അതില്‍ 13 എണ്ണം വിദ്യാഭ്യാസ വകുപ്പില്‍ നിയമിക്കുന്നതിനായി അധ്യാപകര്‍ക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ലിസ്റ്റില്‍ നിന്ന് ആകെ നിയമിച്ചത് 45 പേരെ മാത്രം. എന്നാല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭാഷാ-വിഷയമടക്കമുള്ള 75 ഓളം തസ്തികകള്‍ ഇപ്പോഴും സ്‌കുളുകളില്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഒഴിവുള്ള അധ്യാപക തസ്തികകളുടെ എണ്ണം നിര്‍ണ്ണയിച്ച് തൊട്ടടുത്തുള്ള ജില്ലാ പി എസ് സി ഓഫീസില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ഇത് വരെയായില്ല.

മൂന്നു ലിസ്റ്റാണ് അധ്യാപകരുടെതായി നിലവിലുള്ളത്. അതില്‍ 10 എണ്ണം ഭാഷാധ്യാപകരുടെതാണ്. എല്‍ പി, യു പി, ഹൈസ്‌കൂളുകളില്‍ വിവിധ വിഷയങ്ങളുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഒരാളെ മാത്രം നിയമിച്ച 3 റാങ്ക് ലിസ്റ്റുകളും 2 പേരെ മാത്രം നിയമിച്ച 3 റാങ്ക് ലിസ്റ്റുമുണ്ട്. ഹൈസ്‌കുള്‍ അധ്യാപക നിയമനത്തിനായി 5 ലിസ്റ്റുണ്ട്. എസ് എസ് എല്‍ സി വിജയ ശതമാനം സംസ്ഥാന തലത്തില്‍ ജില്ല ഏറ്റവും പിന്നിലായിട്ടും ആവശ്യത്തിന് അധ്യാപകരെ സ്ഥിരമായി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നടപടിയില്ല.
ഒഴിവുള്ള അധ്യാപക തസ്തികകളുടെ എണ്ണം നിര്‍ണ്ണയിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് പി എസ് സി ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ലെന്നറിയുന്നു. വിരമിക്കല്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, ദീര്‍ഘകാല അവധി, തസ്തിക മാറ്റം, ഡെപ്യുട്ടേഷന്‍,മരണം തുടങ്ങിയ ഒഴിവുകളിലും നിയമനമില്ല. ഇത് കാരണം റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും സ്‌കുളുകളില്‍ താല്‍കാലിക നിയമനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് സ്‌കുളുകളിലുളള അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും ഒഴിവുകള്‍ കണ്ടെത്തി പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്കാണ് നിയമന നടപടികള്‍ക്ക് തുടക്കമാവുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ അതില്‍ നിന്ന് സംവരണ മാനദണ്ഢങ്ങള്‍ പാലിച്ച് നിയമനം നടത്തും. ഒഴിവുകള്‍ കണ്ടെത്തിയെങ്കിലും റാങ്ക് ലിസ്റ്റില്ലെങ്കില്‍ അപേക്ഷ ക്ഷണിച്ച്, എഴുത്ത് പരീക്ഷയും അഭിമുഖവും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പി.എസ്.സി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും കാലതാമസം ഏറെയെടുക്കും.
സ്‌കുളുകളില്‍ വിവിധ ഭാഷാ-വിഷയങ്ങള്‍ക്കായുള്ള 56 ലധികം തസ്തികകളില്‍ അധ്യാപക നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനോ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിക്കാനോ കഴിയുന്നില്ല.

ഉറുദു പാര്‍ട്ട് ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍, സംസ്‌കൃതം പാര്‍ട്ട് ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഹൈസ്‌കുള്‍ അസിസ്റ്റന്റ് ഇംഗ്ലീഷ്, പ്രിപ്രൈമറി ടീച്ചര്‍, മലയാളം ഹൈസ്‌കുള്‍ അസിസ്റ്റന്റ് , ഉറുദു പാര്‍ട്ട്‌ടൈം ഹൈസ്‌കുള്‍ അസിസ്റ്റന്റ്, ഹിന്ദി ഹൈസ്‌കുള്‍ അസിസ്റ്റന്റ് , ഉറുദു ഫുള്‍ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍, എല്‍.പി.വിഭാഗം അറബി ഫുള്‍ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍, യു.പി.സ്‌കുള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, കണക്ക് ഹൈസ്‌കുള്‍ അസിസ്റ്റന്റ് , യു പി വിഭാഗം അറബി പാര്‍ട്ട്‌ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍, അറബി പാര്‍ട്ട് ടൈം ഹൈസ്‌കുള്‍ അസിസ്റ്റന്റ് എന്നീ റാങ്ക് ലിസ്റ്റുകളാണ് ജില്ലയിലുള്ളത്.

റാങ്ക് ലിസ്റ്റില്‍ നിന്നും സ്ഥിരനിയമനം പ്രതീക്ഷിച്ച് കഴിയുന്ന അധ്യാപക ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. നിയമനവുമായി ബന്ധപ്പെട്ടോ, ഒഴിവുകള്‍ മനസ്സിലാക്കുന്നതിനോ ഓഫീസില്‍ കയറിയാല്‍ തൃപ്തികരമായ മറുപടി ലഭിക്കാറില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് പരാതിയുണ്ട്. സാങ്കേതികത്വങ്ങള്‍ ഫയലിലെഴുതി നിയമനം നീട്ടികൊണ്ട് പോകുന്ന സമീപനമാണ് വകുപ്പിലെ ചില ജീവനക്കാരുടേത്. താല്‍കാലിക നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.