ഇംതിയാസ് ആ രഹസ്യം വെളിപ്പെടുത്തി

Posted on: July 5, 2017 11:30 am | Last updated: July 5, 2017 at 11:16 am

ന്യൂഡല്‍ഹി: ഐ സി സി വനിതാ ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന്റെ കെയ്‌നാട് ഇംതിയാസ് തന്റെ മാതൃകാ താരത്തെ കണ്ടുമുട്ടിയതിന്റെ ആവേശത്തിലാണ്. ആ താരം മറ്റാരുമല്ല, ഇന്ത്യയുടെ പേസര്‍ ജുലന്‍ ഗോസാമി. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. ഇഷ്ടതാരത്തിനൊപ്പം ഫോട്ടോ എടുത്ത പാക് താരം ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.
2005 ലാണ് ഇംതിയാസ് ജുലന്‍ ഗോസാമിയെ ആദ്യമായി നേരില്‍ കാണുന്നത്. അന്ന് ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലെത്തിയതായിരുന്നു. ടൂര്‍ണമെന്റിലെ പന്ത് പെറുക്കല്‍ ദൗത്യത്തിലേര്‍പ്പെട്ട ഒരാള്‍ മാത്രമായിരുന്നു അന്ന് ഇംതിയാസ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളര്‍ എന്ന വിശേഷണത്തോടെ ജുലന്‍ഗോസാമി കത്തിജ്വലിച്ചു നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് മുതല്‍ക്കാണ് ക്രിക്കറ്റ് ഒരു കരിയറായെടുക്കാന്‍ ഇംതിയാസ് തീരുമാനിക്കുന്നത്. ഇന്ത്യന്‍ താരത്തെ പോലെ ഫാസ്റ്റ് ബൗൡഗില്‍ തന്നെ ഇംതിയാസും സ്‌പെഷ്യലൈസ് ചെയ്തു.

ഗോസാമിയെ പോലെ ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമാകുവാനുള്ള യാത്ര ആരംഭിച്ച് പന്ത്രണ്ടാം വര്‍ഷത്തില്‍ ഇംതിയാസ് തന്റെ മാതൃകാ താരത്തിനെതിരെ കളത്തിലിറങ്ങി. അതും ലോകകപ്പില്‍.
മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ അഞ്ജും ചോപ്രക്കൊപ്പവും ഇംതിയാസ് ഫോട്ടോ എടുത്തു. ഇതിഹാസതാരത്തെ കാണാന്‍ സാധിച്ചതില്‍ ആവേശം അറിയിച്ചു കൊണ്ട് ഇതും സോഷ്യല്‍മീഡിയയില്‍ പാക് താരം പോസ്റ്റ് ചെയ്തു.