വെര്‍ണയുടെ പുതിയ മോഡല്‍ അടുത്ത മാസം; ടീസര്‍ പുറത്തുവിട്ടു

Posted on: July 4, 2017 9:08 pm | Last updated: July 4, 2017 at 9:08 pm

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി വെര്‍ണയുടെ ഏറ്റവും പുതിയ മോഡല്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി കാറിന്റെ ഇന്റീരിയര്‍ ടീസര്‍ ഹ്യുണ്ടായ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പ്രകടമായ മാറ്റങ്ങളോടെയാണ് പുതിയ വെര്‍ണ എത്തുന്നതെന്ന് ടീസര്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എക്സ്റ്റീരിയര്‍ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സൊളാരിസ്, ആക്‌സന്റ് എന്നീ പേരുകളില്‍ ആഗോളതലത്തില്‍ നേരത്തെ പുറത്തിറക്കിയ വെര്‍ണയുടെ മോഡലാണ് ഇന്ത്യയില്‍ എത്തുന്നത്. പുറംമോടിയിലും അകംമോഡിയിലും പുതുമകള്‍ പ്രകടമാണ്. എലാന്‍ട്രയില്‍ നിന്ന് കടമെടുത്ത ഗ്രില്ലും ക്രോം ഫിനിഷും എക്സ്റ്റീരിയറിന് പുതിയ അഴക് നല്‍കുന്നു. പ്രൊജക്ടഡ് ഹെഡ്‌ലൈറ്റ്, ആംഗുലര്‍ ഫോഗ് ലാംപ്, എല്‍ഇഡി, ഡിആര്‍എല്‍ തുടങ്ങിയവ പുറമോടിക്ക് അഴക് സമ്മാനിക്കുന്നു. പിന്‍ഭാഗത്തും ചില മാറ്റങ്ങള്‍ കാണുന്നുണ്ട്.

നീളവും വീതിയും ഉയരവും അല്‍പം കൂടുതലാണ് പുതിയ വെര്‍ണക്ക്. വീല്‍ബേസില്‍ 10 എംഎം, നീളത്തില്‍ 15 എംഎം, വീതിയില്‍ 29 എംഎം എന്നിങ്ങനെയാണ് വര്‍ധന. ഇതോടൊപ്പം കാറിന്റെ ഉള്‍വിസ്താരവും വര്‍ധിച്ചിട്ടുണ്ട്. ബൂട്ട് സ്‌പേസ് 16 ലിറ്റര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇരട്ടനിറത്തില്‍ ഒരുക്കിയ ഡേഷ് ബോര്‍ഡിലുമുണ്ട് മാറ്റങ്ങള്‍. ഡ്രൈവറോട് ചേര്‍ന്നാണ് സെന്‍ട്രല്‍ കണ്‍സോള്‍ സ്ഥാപിച്ചിരിക്കുന്ന്. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ല്രേയില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് കണക്ടിവിറ്റി എന്നിവ സന്നിവേശിപ്പിച്ചിരിക്കുന്നു.

എന്‍ജിനുകളില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ 1.4, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ തന്നെയാകും പുതിയ വെര്‍ണക്കും കരുത്ത് പകരുക.