മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ കേസിലും പള്‍സര്‍ സുനിക്കെതിരെ അന്വേഷണം

Posted on: July 4, 2017 11:24 am | Last updated: July 4, 2017 at 11:24 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിക്കെതിരായ സമാനമായ മറ്റൊരു പരാതിയിലും പോലീസ് അന്വേഷണം. മലയാള സിനിമയിലെ തന്നെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ കേസാണ് അന്വേഷിക്കുന്നത്.

അഞ്ചു വര്‍ഷം മുമ്പ് വെറ്റിലയിലാണ് സംഭവമുണ്ടായത്. ഇത് സംബന്ധിച്ച് പോലീസിന് ലഭിച്ച പരാതിയില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് പഴയ കേസും അന്വേഷിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയതായി നിര്‍മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. പഴയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി സന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.