മാണി താമസിയാതെ ബി ജെ പിയിലേക്ക് പോകും: ബാലകൃഷ്ണ പിള്ള

Posted on: July 4, 2017 10:04 am | Last updated: July 4, 2017 at 10:04 am
SHARE

കോഴിക്കോട്: കെ എം മാണി താമസിയാതെ ബി ജെ പി മുന്നണിയിലേക്ക് പോകുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. മാണി ബി ജെ പി പാളയത്തിലെത്തുന്നതോടെ കേരള കോണ്‍ഗ്രസ് എം പിളരും. പി ജെ ജോസഫ് പാര്‍ട്ടി വിട്ട് പുറത്തേക്ക് പോകുമെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് രൂപവത്കരണ ലക്ഷ്യവും അടിസ്ഥാന തത്വങ്ങളും നശിപ്പിച്ച വ്യക്തിയാണ് കെ എം മാണി. 16 വര്‍ഷം സംസ്ഥാന റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത മാണി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനായ കെ എം ജോര്‍ജ് മാണിയുടെ പ്രവര്‍ത്തനം കാരണം ചങ്ക്‌പൊട്ടിയാണ് മരിച്ചതെന്ന വീക്ഷണം നിരീക്ഷണം സത്യമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

രാജ്യത്ത് ഒരാള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് നിര്‍ദേശിക്കാന്‍ ഒരു സര്‍ക്കാറിനും ഭരണഘടന അനുവാദം നല്‍കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം നീചതയുടെ ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന ഭരണമാണ് രാജ്യത്തുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളം സ്വീകരിക്കുന്ന മാര്‍ഗമാണ് രാജ്യത്ത് മുഴുവന്‍ ഉണ്ടാകേണ്ടതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here