Connect with us

Sports

ഗോള്‍ഡന്‍ ജര്‍മനി !

Published

|

Last Updated

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: കരുതിയിരുന്നോളൂ, റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി സൂപ്പര്‍ ഫേവറിറ്റുകളായി രംഗത്തുണ്ടാകും ! പരീക്ഷണ നിരയുമായെത്തി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് റാഞ്ചിയ ജോക്വം ലോയുടെ ജര്‍മന്‍ യുവനിര അക്ഷരാര്‍ഥത്തില്‍ ലോകഫുട്‌ബോളിനെ ഞെട്ടിച്ചിരിക്കുന്നു. ആവേശകരമായ ഫൈനലില്‍ അവസാന സെക്കന്‍ഡ് വരെ ഭീഷണി ഉയര്‍ത്തി നിന്ന ചിലിയെ ഏക ഗോളിന് ജര്‍മനി മറികടക്കുകയായിരുന്നു.
ജര്‍മനിയുടെ ബി ടീം റഷ്യയില്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന് തയ്യാറെടുക്കുമ്പോള്‍ കോച്ച് ജോക്വം ലോ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്ന വേദിയില്‍ പരീക്ഷണ നിരയുമായി ജോക്വം ലോ പോകുന്നത് ശുദ്ധ മണ്ടത്തരമെന്നൊക്കെ ചില ജര്‍മന്‍ മാധ്യമങ്ങളും എഴുതി. ഇന്നിതാ, ലോകഫുട്‌ബോളില്‍ ജര്‍മനിയുടെ ഒരു പുതുയുഗം വരാനിരിക്കുന്നുവെന്ന വിളംബരത്തോടെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജോക്വം ലോയുടെ യുവനിര കപ്പുയര്‍ത്തിയിരിക്കുന്നു. ജര്‍മനി നടാടെയാണ് ഫിഫ സംഘടിപ്പിക്കുന്ന വന്‍കരാ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.
ഇരുപതാം മിനുട്ടില്‍ ലാര്‍സ് സ്റ്റിന്‍ഡലാണ് നിര്‍ണായക ഗോള്‍ നേടിയത്. ചിലി സ്‌റ്റോപ്പര്‍ ബാക്ക് മാര്‍സലോ ഡയസിന്റെ പിഴവാണ് ജര്‍മനിക്ക് അനായാസ ഗോളൊരുക്കിയത്. പന്ത് റാഞ്ചിയെടുത്ത് ടിമോ വെര്‍നറാണ് തളികയിലെന്ന പോലെ ലാര്‍സ് സ്റ്റിന്‍ഡലിന് ഗോളൊരുക്കിയത്. ഈ അസിസ്റ്റ് വെര്‍നര്‍ക്ക് ഗുണം ചെയ്തു. ടോപ് സ്‌കോറര്‍ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോള്‍ ഫൈനലിലെ ഗോളൊരുക്കല്‍ വെര്‍നര്‍ക്ക് അധിക മാര്‍ക്ക് നല്‍കി.
ഒരു സംഘം യുവാക്കള്‍ അധ്വാനിച്ചു കളിച്ചതിന്റെ ഫലമാണ് ഈ കിരീടമെന്ന് ജര്‍മന്‍ കോച്ച് ജോക്വം ലോ പറഞ്ഞു. അവര്‍ രണ്ടാം നിരയാകാം, പക്ഷേ ഒന്നാം നിരയിലേക്കുള്ള യാത്രയിലാണ് പലരും. ഈ ടീമിനെ കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നു – ലോ പറഞ്ഞു.
മെസുറ്റ് ഒസില്‍, ടോണി ക്രൂസ്, മാറ്റ്‌സ് ഹമ്മല്‍സ്, മാനുവല്‍ ന്യുവര്‍, മുള്ളര്‍ എന്നിങ്ങനെ മുന്‍ നിര താരങ്ങളൊന്നുമില്ലാതെയാണ് ജോക്വം ലോ കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തിയത്.
ഭാവി താരങ്ങളെ കണ്ടെത്താനുള്ള വേദിയായി ജോക്വം ലോ വന്‍കരാ ചാമ്പ്യന്‍ഷിപ്പിനെ അതി വിദഗ്ധമായി ഉപയോഗപ്പെടുത്തി. ഇതോടെ, അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് ഏറ്റവും മികച്ച ഫോര്‍മേഷനെ തിരഞ്ഞെടുക്കാനുള്ള അവസരവും ജോക്വം ലോക്ക് മുന്നില്‍ തുറന്നു.
മാത്രമല്ല, യൂറോ അണ്ടര്‍ 21 കിരീടവും ജര്‍മനിക്കായിരുന്നു. ആ നിരയില്‍ നിന്നും ലോകകപ്പ് ടീമിലേക്ക് സ്ഥാനം അര്‍ഹിക്കുന്നവരുണ്ട്. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഫാക്ടറി തങ്ങളുടെതാണെന്ന് ജര്‍മനി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ഒറ്റപ്പിഴവില്‍ ചിലി വീണു..
ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ചവെച്ചത് ചിലിയായിരുന്നു. ജര്‍മനിയുടെ യുവനിരയെ അടിമുടി വിറപ്പിച്ചു ചിലിയുടെ സുവര്‍ണ നിര. സാഞ്ചസും വിദാലും സെക്കന്‍ഡ് വെറുതെയിരുന്നില്ല.
ലാറ്റിനമേരിക്കക്കാക്ക് പിഴച്ചത് ഒരിക്കല്‍ മാത്രം. ഇരുപതാം മിനുട്ടില്‍ മത്സരത്തിന്റെ ഒഴുക്കിനെതിരായി ജര്‍മനി ഗോള്‍ നേടിയ ആ ഒരു നിമിഷം മാത്രമാണ് ചിലിക്ക് പിഴച്ചത്. പ്രതിരോധ നിരയില്‍ അവസാനക്കാരനായി നിന്ന മാര്‍സലോ ഡയസിന് സംഭവിച്ച പിഴവ്.
സമ്മര്‍ദത്തിലായ മാര്‍സലോ ജര്‍മന്‍ സ്‌ട്രൈക്കര്‍ ലാര്‍സ് സ്റ്റിന്‍ഡലിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് ടിമോ വെര്‍നര്‍ റാഞ്ചിയെടുത്ത് സ്റ്റിന്‍ഡലിന് തന്നെ നല്‍കി. ഗോളിയില്ലാ പോസ്റ്റിലേക്കായിരുന്നു സ്റ്റിന്‍ഡലിന്റെ അവസാന ടച്.
എന്നാല്‍, ഇതിന്റെ പേരില്‍ മാര്‍സലോ ഡയസിനെ കുരിശിലേറ്റാന്‍ തയ്യാറല്ലെന്ന് ചിലി മിഡ്ഫീല്‍ഡര്‍ ആര്‍തുറോ വിദാല്‍ പറഞ്ഞു. അവസാന സെക്കന്‍ഡ് വരെ ഈ ടീം മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചു. ഏതൊരു മത്സരത്തിലുമെന്ന പോലെ ഒരു പിഴവ് സംഭവിച്ചു.
ഇതില്‍ ഒരു വ്യക്തിയെ മാത്രം പഴിചാരുന്നതില്‍ അര്‍ഥമില്ല. അടുത്ത വര്‍ഷം ലോകകപ്പ് നേടുകയാണ് ലക്ഷ്യം – വിദാല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest