Connect with us

Gulf

ഖത്വര്‍ സെന്‍ട്രല്‍ ജയിലില്‍ 160 ഇന്ത്യക്കാര്‍

Published

|

Last Updated

ദോഹ: രാജ്യത്തെ സെന്‍ട്രല്‍ ജയിലില്‍ 160 ഇന്ത്യക്കാരാണ് തടവില്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നാടു കടത്തല്‍ കേന്ദ്രത്തില്‍ 83 പേരുണ്ട്. എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവരങ്ങള്‍. സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും എംബസി അധികൃതര്‍ സന്ദര്‍ശനം നടത്തി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിച്ചു.

ഈ വര്‍ഷം ഒമ്പത് ഓപണ്‍ ഹൗസുകളാണ് എംബസി നടത്തിയത്. ജൂണ്‍ 29നാണ് അവസാനമായി ഓപണ്‍ ഹൗസ് നടന്നത്. നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പരാതികള്‍ അധികൃതരെ അറിയിച്ചു. ഇന്ത്യന്‍ അംബാസര്‍ പി കുമരന്‍, ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി ക്ഷേമകാര്യ മൂന്നാം സെക്രട്ടറി ഡോ. എം അലീം, മറ്റ് ഉദ്യോഗസ്ഥര്‍ പരാതികള്‍ കേട്ടു.
ആവശ്യമായ തുടര്‍ നടപടികള്‍ കൈക്കൊളളുമെന്ന് പരാതിക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, മറ്റ് അംഗങ്ങള്‍ എന്നിവരും ഓപണ്‍ ഹൗസില്‍ സന്നിഹതരായി.
ഈ വര്‍ഷം ഇതുവരെ ലഭിച്ച 30 പരാതികളില്‍ 18 എണ്ണത്തിന് പരിഹാരം കണ്ടു. 12 എണ്ണത്തിന് ദ്രുത ഗതിയിലുള്ള പരിഹാരത്തിനായി എംബിസി ശ്രമിച്ചുവരുകായണെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ജൂണില്‍ എംബസി 27 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ 27 ഇന്ത്യക്കാര്‍ക്ക് എംബസി വിമാന ടിക്കറ്റും നല്‍കി.
ഖത്വറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഐ സി ബി എഫ് വലിയ തോതിലുള്ള പിന്തുണ നല്‍കുന്നതായും എംബസി വ്യക്തമാക്കി.