Connect with us

Gulf

യു എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി ഖത്വര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി

Published

|

Last Updated

ദോഹ: രാജ്യം നേരിടുന്ന ഉപരോധ സാഹചര്യങ്ങള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുമായി വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ചര്‍ച്ച ചെയ്തു.

പ്രതിസന്ധി പരിഹരിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ഖത്വരി മിഷനിലെ സുരക്ഷാ കൗണ്‍സിലിലെ അസ്ഥിര അംഗങ്ങളുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി പരിഹരിക്കാന്‍ ഗൗരവതരമായ ചര്‍ച്ച നടത്താന്‍ എല്ലാ കക്ഷികളേയും പ്രോത്സാഹിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. യു എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ശൈഖ് മുഹമ്മദ് ന്യൂയോര്‍ക്കിലെത്തിയത്. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കാമെന്ന് ടില്ലേഴ്‌സണ്‍ ഉറപ്പ് നല്‍കിയതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ അഞ്ചിന് ഖത്വറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സഊദി സഖ്യരാജ്യങ്ങള്‍ ഉപാധി പട്ടിക സമര്‍പ്പിച്ചത്. എന്നാല്‍ ഖത്വറിന്റെ വിദേശനയത്തിലും പരമാധികാരത്തിലുമുള്ള കടന്നു കയറ്റമാണ് മുന്നോട്ട് വെച്ച ഉപാധികള്‍. ഉപാധികള്‍ നടപ്പാക്കാന്‍ കഴിയുന്നതും യുക്തിസഹവുമായിരിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തെ അവഗണിച്ച് പുറത്തിറക്കിയ ഉപാധി പട്ടിക അംഗീകരിക്കാനോ നടപ്പാക്കാനോ കഴിയാത്തതാണെന്ന് ഖത്വറും വ്യക്തമാക്കിയിരുന്നു. പരസ്പര ബഹുമാനത്തിലുള്ള സംവാദത്തിലൂടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടാണ് ഖത്വര്‍ സ്വീകരിച്ചിരിക്കുന്നത്.