ദോക്ക ലായില്‍ ഇന്ത്യയും ചൈനയും മുഖാമുഖം;സേനാവിന്യാസം ശക്തം

Posted on: July 2, 2017 8:15 pm | Last updated: July 3, 2017 at 10:50 am
SHARE

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം കടുപ്പിക്കുന്നു. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളുടെയും സൈന്യം ‘സൗഹൃദപരമല്ലാതെ’ ദീര്‍ഘനാള്‍ മുഖാമുഖം നിലയുറപ്പിക്കുന്നത് ഇതാദ്യം. ഏതാനും ദിവസം മുമ്പ് സിക്കിം അതിര്‍ത്തിയിലെ ദോക്ക ലാ പ്രദേശത്തെ ലാല്‍ടന്‍ പോസ്റ്റിന് നേരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) ആക്രമണം നടത്തിയിരുന്നു.
1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും (ഐ ടി ബി പി) നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ചൈന കടന്നുകയറി ആക്രമണം നടത്തിയത്. ചൈനയുടെ പ്രകോപന തന്ത്രം ചെറുക്കുന്നതിന് വേണ്ടി ഈ സംഭവത്തിന് പിന്നാലെ ഇന്ത്യ കൂടുതല്‍ സൈനികരെ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.

2012ല്‍ ദോക്ക ലായിലെ ലാല്‍ട്ടനില്‍ ഇന്ത്യ നിര്‍മിച്ച ബങ്കറുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ഒന്നിന് പി എല്‍ എ ആവശ്യപ്പെട്ടിരുന്നതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യ- ഭൂട്ടാന്‍- ടിബറ്റ് അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശമാണ് ലാല്‍ടന്‍. ഇവിടെ വര്‍ഷങ്ങളായി ഇന്ത്യന്‍ സൈനികരുടെ നിരീക്ഷണത്തിലാണ്. അതിനിടെയാണ് കഴിഞ്ഞ മാസം ആറിന് പി എല്‍ എയുടെ ബുള്‍ഡോസറുകള്‍ രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തത്. പ്രദേശം തങ്ങളുടെതാണെന്നും ഇന്ത്യക്കോ ഭൂട്ടാനോ അതില്‍ അവകാശമില്ലെന്നും വാദിച്ചായിരുന്നു ചൈനയുടെ ഈ നടപടി. എന്നാല്‍, ബങ്കറുകള്‍ക്ക് കൂടുതല്‍ കേടുപാടുകളോ കൂടുതല്‍ അതിക്രമങ്ങളോ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സൈന്യം പി എല്‍ എയുടെ നീക്കം തടഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ എട്ടോടെ ബ്രിഗേഡ് ആസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ സൈന്യത്തെ ലാല്‍ടനില്‍ വിന്യസിച്ചു. പി എല്‍ എയുടെ 141 ഡിവിഷനില്‍ നിന്നുള്ള സൈനികരും പ്രദേശത്തേക്ക് കുതിച്ചെത്തി. ഇതേത്തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷത്തില്‍ ഇരു പക്ഷത്തും നിസ്സാര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
1962ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തെ സൈനികര്‍ ഇത്ര നീണ്ട കാലയളവില്‍ മുഖാമുഖം നിലയുറപ്പിക്കുന്നത്. 2013ല്‍ ജമ്മുകശ്മീരിലെ ലഡാക്ക് ഡിവിഷനില്‍പ്പെട്ട ദൗലത്ത് ബെഗ് ഓള്‍ഡീയില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ 21 ദിവസം മുഖാമുഖം നിലയുറപ്പിച്ചതാണ് ഇത്തരത്തില്‍ നടന്ന രണ്ടാമത്തെ സൈനിക വിന്യാസം. തങ്ങളുടെ സിന്‍ജിയാംഗ് പ്രവിശ്യയുടെ ഭാഗമാണെന്ന് ആരോപിച്ച് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് 30 കിലോമീറ്ററോളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നതോടെയായിരുന്നു ഈ നീക്കം.

ചോഗ്യാല്‍ രാജവംശത്തിന്റെ കീഴിലായിരുന്ന സിക്കിം 1976ലാണ് ഇന്ത്യയുടെ ഭാഗമായത്. 1898ല്‍ ചൈനയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഇവിടത്തെ അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത്. 1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യയുടെ നിര്‍ദേശം പരിഗണിച്ച് ഇരു രാജ്യങ്ങളുടെയും ഫഌഗ് മീറ്റിംഗുകള്‍ നടക്കാറുണ്ട്. എന്നാല്‍, ദോക്ക ലയില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യയോട് ചൈന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയായിരുന്നു. ഭൂട്ടാനില്‍ ദോക്‌ലാമെന്നും അറിയപ്പെടുന്ന ഈ പ്രദേശം തങ്ങളുടെ ദോംഗ്‌ലാംഗ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
അതിര്‍ത്തി പ്രശ്‌നത്തിന്റെ പേരില്‍ ഉടലെടുത്ത ഇന്ത്യ- ചൈന തര്‍ക്കം കൂടുതല്‍ വഷളാകുന്നതിനിടെ, കൈലാഷ്- മാന്‍സരോവര്‍ യാത്രക്കായി ഉപയോഗിക്കുന്ന നാഥുലാ ചുരം ഏതാനും ദിവസം മുമ്പ് ചൈന അടച്ചിരുന്നു. നേരത്തെ കൈലാഷ്- മാന്‍സരോവര്‍ തീര്‍ഥാടകര്‍ നാഥുലാ ചുരം വഴി ടിബറ്റിലേക്ക് പ്രവേശിക്കുന്നതും ചൈന തടഞ്ഞിരുന്നു. ദോംഗ്‌ലാംഗ് മേഖലയില്‍ ചൈന നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മാനസസരോവര്‍ തീര്‍ഥാടകരെ തടയാന്‍ കാരണമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് റെന്‍ ഗുവാക്വിയാംഗ് ആരോപിച്ചിരുന്നു.

സിക്കിമിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വക്താവ് വു ഷിയാനും രംഗത്തെത്തിയിരുന്നു. 1962ലെ യുദ്ധത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്നായിരുന്നു വു ഷിയാന്റെ മുന്നറിയിപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here