Connect with us

Kerala

അമ്മയുടെത് നെറികെട്ട നിലപാട് സംഘടന പിരിച്ചുവിടണം; ഗണേഷ്‌കുമാറിന്റെ കത്ത് പുറത്തായി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അമ്മ നെറികെട്ട സമീപനമാണ് സ്വീകരിച്ചതെന്നും പിരിച്ചു വിടണമെന്നും നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് മുമ്പ് ഇന്നസെന്റിന് ഗണേഷ് അയച്ച കത്ത് പുറത്തായതോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയ കാര്യം പുറത്തറിഞ്ഞത്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് അമ്മ സ്വീകരിച്ചത്.
ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചര്‍ച്ചയായതാണ്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ഗൗരവപൂര്‍വം ആ വിഷയത്തില്‍ ഇടപെടുവാനോ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയര്‍ത്തുവാനോ അമ്മ തയാറായില്ലെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു.

ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ കത്തില്‍ ഉന്നയിക്കുന്നത്. താന്‍ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളില്‍ ഇന്നസെന്റ് ഇടപെട്ടില്ല. എന്തായിരുന്നു അമ്മയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ഏത് മാനദണ്ഡപ്രകാരമാണ് ഈ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായിരിക്കുന്ന അങ്ങയെപ്പോലും ലജ്ജിപ്പിക്കും. അമ്മയുടെ ഭൂതകാലം അറിയുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് വിശ്വസിക്കുന്നതെന്നും ഗണേഷ് കത്തില്‍ വ്യക്തമാക്കുന്നു.

ഇങ്ങിനൊക്കെയാണെങ്കിലും ജനറല്‍ ബോഡി യോഗത്തിലും അതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും ഇതില്‍ നിന്നും വിപരീതമായ നിലപാടാണ് ഗണേഷ് കുമാര്‍ സ്വീകരിച്ചത്. അമ്മയേയും ദിലീപിനെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു ഗണേഷ് പിന്നീട് സ്വീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച ഗണേഷിന്റെ നടപടി വിമര്‍ശനത്തിന് വഴിവെച്ചിരുന്നു

---- facebook comment plugin here -----

Latest