നടി ആക്രമിക്കപ്പെട്ട സംഭവം : കാവ്യാ മാധവന്റെ വസ്ത്ര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി

Posted on: July 1, 2017 11:12 am | Last updated: July 1, 2017 at 6:04 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഒരു സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണമിടപാടുകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചത് എന്നാണ് അറിയാൻ കഴഞ്ഞത്.

പൾസർ സുനി നൽകിയ മൊഴിയിൽ നടിയെ ആക്രമിച്ച ശേഷം ഈ സ്ഥാപനത്തിൽ പോയതായി പറയുന്നുണ്ട്. അതോടൊപ്പം നാദിർഷയെയും ദിലീപിനെയും ചോദ്യം ചെയ്തപ്പോഴും കാക്കനാട്ടെ ഈ ഓൺലൈൻ സ്ഥാപനം കടന്നു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.

എന്നാൽ അതീവ രഹസ്യമായി നടന്ന പരിശോധന പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.