Connect with us

Gulf

സഊദി കിരീടവകാശി കൊട്ടാര തടവില്‍; നിഷേധിച്ച് അധികൃതര്‍

Published

|

Last Updated

മുഹമ്മദ് ബിന്‍ നായിഫ്

ജിദ്ദ: സ്ഥാനം നഷ്ടപ്പെട്ട സഊദി മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് കൊട്ടാരതടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജിദ്ദയിലെ കൊട്ടാരത്തില്‍ കഴിയുന്ന നായിഫിന് സ്ഥാനം നഷ്ടമായതിന് ശേഷം പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് രാജകുടുംബത്തിലെ രണ്ട് പ്രമുഖരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതിന് ശേഷം നായിഫ് പൊതുപരിപാടിയിലൊന്നും പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നാഇഫ് കൊട്ടാരതടങ്കലിലാണെന്ന റിപ്പോര്‍ട്ട് സഊദി ഉന്നത ഉദ്യോഗസ്ഥര്‍ തള്ളി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തിന്റെ സുരക്ഷാ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ബിന്‍ നായിഫിനെതിരെ അപ്രതീക്ഷിതമായ നടപടിയാണുണ്ടായത്. അധികാരത്തിലേറിയ ശേഷം സല്‍മാന്‍ രാജാവ് അന്നത്തെ കിരീടവകാശിയായിരുന്ന മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസിനെ മാറ്റിയാണ് നായിഫിനെ കിരീടവകാശിയായി പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷമാണ് മകനെ കിരീടവകാശിയായി പ്രഖ്യാപിച്ചത്.
ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുകയും യമന്‍ ആക്രമണത്തിന് പിന്നില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചത് സമിശ്രപ്രതികരണമാണ് രാജ്യത്തുണ്ടാക്കിയത്. ഗുരുതരമായ പ്രത്യാഘാതമുണ്ടാകുന്ന നടപടിയാണിതെന്ന് അറേബ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

അബ്ദുല്ല രാജാവിന്റെ മരണത്തോടെ 2015ല്‍ പിതാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് ഭരണാധികാരിയായി ചുമതലയേറ്റപ്പോള്‍ തന്നെ പ്രതിരോധമന്ത്രിയായി മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും കാബിനറ്റിലെത്തിയിരുന്നു. അതേസമയം, യുവ രാജകുമാരന് അധികാരം കൈമാറുന്നത് പൂര്‍ണ തൃപ്തിയോടെയാണെന്ന് നഈഫ് പ്രതികരിച്ചിരുന്നു.