Connect with us

Gulf

ഖത്വറില്‍ ലോകകപ്പ് വേദി തീരുമാനിച്ചതില്‍ ക്രമക്കേടുകളില്ലെന്ന് ഫിഫ റിപ്പോര്‍ട്ട്

Published

|

Last Updated

ദോഹ: ഖത്വറില്‍ 2022ലെ ലോകകപ്പ് വേദി നിശ്ചയിച്ചതില്‍ ക്രമക്കേടുകളുണ്ടായട്ടില്ലെന്ന് ഫിഫ റിപ്പോര്‍ട്ട്. ഖത്വറിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഫിഫ പുറത്തു വിട്ടത്. ഖത്വറിലെ ലോകകപ്പ് വേദി മാറ്റാന്‍ ഒരു കാരണവുമില്ലെന്ന് വ്യക്തമാക്കുന്ന 430 പേജുള്ള റിപ്പോര്‍ട്ടാണ് ഫിഫ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. റിപ്പോട്ടിനെ ഖത്വര്‍ സ്വാഗതം ചെയ്തു.

2018ല്‍ റഷ്യയിലും 2022ല്‍ ഖത്വറിലും ലോകകപ്പ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചതില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അമേരിക്കയില്‍ നിന്നുള്ള നിയമവിദഗ്ധന്‍ മൈക്കല്‍ ഗാര്‍ഷ്യയെയാണ് ഫിഫ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. 430 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് 2014 സെപ്തംബറില്‍ അദ്ദേഹം ഫിഫ എത്തിക്‌സ് അഡ്ജുഡിക്കേറ്ററി ചേംബര്‍ തലവനും ജര്‍മന്‍ ന്യായാധിപനുമായ ഹന്‍സ് ജോകിം എക്കര്‍ട്ടിനു സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഖത്വറിന് ക്രമക്കേടുകളുണ്ടായിട്ടില്ലെന്ന തീര്‍പ്പ് വന്നത്. റിപ്പോര്‍ട്ടിന്റെ 42 പേജുള്ള സംക്ഷിപ്ത രൂപമാണ് ഫിഫ എത്തിക്‌സ് കമ്മിറ്റി 2014 നവംബറില്‍ പുറത്തിറക്കിയത്. പൂര്‍ണ റിപ്പോര്‍ട്ട് ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്.
ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചോര്‍ത്തി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാന്‍ ഫിഫ തീരുമാനിച്ചത്. റിപ്പോര്‍ട്ടിന്റെ പുറത്തുവിട്ട രൂപം അപൂര്‍ണവും വസ്തുതകള്‍ യഥാവിധം പ്രതിനിധീകരിക്കപ്പെടാത്തതുമാണെന്ന ആരോ
പണങ്ങളുമായി റിപ്പോര്‍ട്ട് തയാറാക്കിയ മൈക്കല്‍ ഗാര്‍ഷ്യ അന്നുതന്നെ രംഗത്തുവന്നു. റിപ്പോര്‍ട്ടിനെതിരെ ഫിഫയുടെ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഫിഫയുടെ ആഡിറ്റ് ആന്‍ഡ് കംപ്ലയന്റ്‌സ് കമ്മിറ്റി ഈ റിപ്പോര്‍ട്ട് വിശദപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പലവിധ കാരണങ്ങളാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തു വന്നിരുന്നില്ല. ചോര്‍ത്തപ്പെട്ട സാഹചര്യത്തിലാണ് രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍ണരൂപം വെളിച്ചം കണ്ടത്.

2018, 2022 ലോകകപ്പ് വേദി നിശ്ചയിക്കല്‍ നടപടിക്രമങ്ങള്‍ വീണ്ടും തുറക്കുന്നതിന് പര്യാപ്തമായ കാരണങ്ങളില്ലെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ലോകകപ്പ് ഖത്വറില്‍ തന്നെ നടക്കുമെന്ന് സംക്ഷിപ്തരൂപം പുറത്തുവിട്ടയുടന്‍ ഫിഫ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നടത്തിപ്പ് ലഭിക്കുന്നിനായി ഖത്വര്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ലോകകപ്പിന് ഖത്വറല്ലാതെ മറ്റൊരു രാജ്യം ആതിഥ്യം വഹിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേദി മാറ്റാനായി റീ വോട്ടിംഗ് ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപത്തില്‍ പറയുന്നു. നിലവിലെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. 2016 മേയില്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗവും റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെ പിന്തുണച്ചിരുന്നു. ഫിഫയുടെ മുന്‍ എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കോര്‍നല്‍ ബോര്‍ബ്ലി, ഹാന്‍സ് ജോകിം എക്കര്‍ട്ടും വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സ്വതന്ത്ര എത്തിക്‌സ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണ്‍സ് ആയ മരിയ ക്ലൗഡിയ, റോജാസും വാസില്ലിയസ് സ്‌കൗറീസും പൂര്‍ണരൂപം പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു.