ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും

Posted on: June 29, 2017 2:31 pm | Last updated: June 29, 2017 at 4:31 pm


കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനയിലും ദിലീപ് നല്‍കിയ പരാതിയിലുമാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീര്‍ന്നിട്ടില്ല. ഇനിയും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയില്‍ വിശദമായി പരിശോധിക്കേണ്ടിവരും. അതിന് ശേഷമേ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതും അതിന് പിന്നാലെയുണ്ടായ സംഭവങ്ങളുമായും ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും 13മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് എഡിജിപി. ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.