നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കോടിയേരി

Posted on: June 29, 2017 1:17 pm | Last updated: June 29, 2017 at 4:30 pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അന്ന് അങ്ങനെയൊരു സൂചനയില്ലാതിരുന്നതിനാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു.

ആദ്യ വിവരം അനുസരിച്ചായിരുന്നു മുഖ്യമന്ത്രി അത്തരമൊരു പരാമര്‍ശം നേരത്തെ നടത്തിയത്. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.കേസില്‍ ഉള്‍പ്പെട്ട ആളെ എത്ര നേരം ചോദ്യം ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് അന്വേഷണ സംഘമാണെന്നും കോടിയേരി പറഞ്ഞു.
റവന്യു മന്ത്രിയെ മാറ്റണമെന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അഭിപ്രായത്തെ കോടിയേരി തള്ളി. ഒരു മന്ത്രിയേയും മാറ്റണമെന്ന ആഭിപ്രായം സിപിഎമ്മിനില്ലെന്നും നയപരമായകാര്യങ്ങളില്‍ സിപിഐ- സിപിഎം തകര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.