മീരാകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: June 28, 2017 12:06 pm | Last updated: June 28, 2017 at 12:53 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ ലോക്‌സഭാ സെക്രട്ടറി ജനറലിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മീരാകുമാറിന് ഒപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. വിദേശത്തുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പണത്തിന് എത്തിയില്ല.

നാളെ മുതല്‍ മീരാകുമാര്‍ പ്രചാരണത്തിന് ഇറങ്ങും. എന്‍ഡിഎക്കെതിരായ ഒരു ശക്തിപ്രകടനം കൂടിയായിരുന്നു പ്രതിപക്ഷത്തിന്റെ പത്രികാ സമര്‍പ്പണം. എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. സൂക്ഷ്മപരിശോധന നാളെ നടക്കും. ജൂലൈ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.