Connect with us

Editorial

സര്‍ക്കാര്‍ ഓഫീസുകളിലെ കെടുകാര്യസ്ഥത

Published

|

Last Updated

വില്ലേജ് ഓഫീസുകളില്‍ നികുതിയടക്കാനെത്തുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും കാലതാമസവും ഒഴിവാക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വില്ലേജ് ഓഫീസുകള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. നിയമപരമായി ഭൂനികുതി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ തന്നെ അത് സ്വീകരിച്ചു രസീത് നല്‍കുക, ഏതെങ്കിലും കാരണത്താല്‍ നികുതി സ്വീകരിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത ദിവസം നല്‍കുക, നികുതി ഒടുക്കാന്‍ വരുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ ഓഫീസിലേക്ക് വരുത്താതിരിക്കുക, സ്വീകരിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയില്‍ രേഖപ്പെടുത്തി ഭൂവുടമയെ ബോധ്യപ്പെടുത്തുകയും അത് പരിഹരിച്ചു കിട്ടുന്നതിനുള്ള പരാതി ഏതു തഹസില്‍ദാര്‍ക്ക് നല്‍കണമെന്നു വ്യക്തമായി അറിയിക്കുകയും ചെയ്യുക തുടങ്ങിയവയാണ് കമ്മീഷണര്‍ ഇറക്കിയ ഉത്തരവിലുള്ളത്. വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

ചെമ്പനോട വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കുന്നതില്‍ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മാസത്തിലൊരിക്കലെങ്കിലും മിന്നല്‍ പരിശോധന നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ എസ് പിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂനികുതിയുടെ കാര്യത്തില്‍ മാത്രം മതിയോ സര്‍ക്കാറിന്റെ ഇടപെടല്‍? ഏത് ഓഫീസുകളെ സമീപിക്കുന്നവര്‍ക്കും അതെത്രയും വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള കര്‍ശന നടപടി ക്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്ത് നിര്‍വഹിച്ചു കൊടുക്കാതെ പൊതുജനത്തെ കഷ്ടപ്പെടുത്തുകയും അവരുടെ അധ്വാനവും സമ്പത്തും സമയവും ദുര്‍വ്യയം ചെയ്യിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ദുഷ്പ്രവണത എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലുമുണ്ട്. സേവനങ്ങള്‍ക്കായി സമീപിക്കുന്നവരെ വെറുതെ വട്ടം കറക്കുന്നു. “ഓഫീസറില്ല, പിന്നെ വരൂ”എന്നായിരിക്കും അപേക്ഷകളുമായി ചെല്ലുന്നയാള്‍ക്ക് ആദ്യ ദിവസത്തെ മറുപടി. അടുത്ത ദിവസം ചെന്നാല്‍ വേറെന്തെങ്കിലും കാരണം പറഞ്ഞു മടക്കിയയക്കും. ചില ഓഫീസുകളില്‍ സ്ഥലം മാറിപ്പോയ ഓഫീസര്‍ക്ക് പകരം പുതിയ നിയമനം നടക്കാത്തതായിരിക്കും പ്രശ്‌നം. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കോ മറ്റു സേവനങ്ങള്‍ക്കോ പഞ്ചായത്ത് ഓഫീസുകളെ സമീപിക്കുന്നവരുടെ അനുഭവവും വ്യത്യസ്ഥമല്ല.
മൂന്നിയൂര്‍ ചെനക്കലങ്ങാടിയില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി വിധവ ആറുവര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സംഭവം മാധ്യമങ്ങളില്‍ വന്നത് അടുത്തിടെയാണ്. കടലുണ്ടിപുഴയില്‍ വീണ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം പോലീസ് നടപടിക്രമങ്ങള്‍ക്കു ശേഷമാണ് ഖബറടക്കിയത്. മരണം രജിസ്റ്റര്‍ചെയ്തു കിട്ടുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയതും പോലീസ് മുഖേനയാണ്. തുടര്‍ന്ന് പല തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ അപേക്ഷ കാണാനില്ലെന്നും വീണ്ടും അപേക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. പുതിയ അപേക്ഷ നല്‍കിയപ്പോള്‍ മരണം നടന്നതുസംബന്ധിച്ച് കൃത്യതയില്ലെന്നായി. സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ക്കായി സമീപിച്ച നൂറുകണക്കിനാളുകള്‍ക്ക് പറയാനുണ്ടാകും ഇത്തരം ദുരനുഭവങ്ങളും ഉദ്യോഗസ്ഥരുടെ മനുഷ്യപ്പറ്റില്ലാത്ത സമീപനവും.

മുകളില്‍ നിന്നുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കൊണ്ട് മാത്രം അവസാനിക്കുന്നതല്ല ജീവനക്കാരുടെ ഈ ക്രൂരത. കൈക്കൂലിയാണ് വില്ലന്‍. അത് നല്‍കിയാല്‍ ഏത് കാര്യവും പെട്ടെന്ന് സാധിക്കും. ഇല്ലെങ്കില്‍ ഫയലുകള്‍ ഒച്ചിന്റെ വേഗതയിലാകും. ഇതിന് പരിഹാരം കാണുന്നതിന് എല്ലാ ഓഫീസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാനാണ് പുതിയ തീരുമാനം. അഴിമതിക്കാരെ കണ്ടെത്താനും മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനും അത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും അഴിമതി വിരുദ്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ടല്ലല്ലോ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കൊടികുത്തിവാഴുന്നത്. അഴിമതി കുറ്റകരമാണെന്ന വിജിലന്‍സിന്റെ അറിയിപ്പ് എല്ലാ ഓഫീസുകളിലുമുണ്ട്. വിജിലന്‍സിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് നേരെ ചുവട്ടിലിരുന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുണ്ടോ പരാതിപ്പെട്ടികളെ ഭയപ്പെടുന്നു. ഐ എ എസ്, ഐ പി എസ് ഉന്നതങ്ങളെ പോലൂം അഴിമതിയും കെടുകാര്യസ്ഥതയും ബാധിച്ച ഇന്നത്തെ ചുറ്റുപാടില്‍ ഇത്തരം സംവിധാനങ്ങള്‍ ഫലപ്പെടുമോ? സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജോലി ഒഴിവാക്കി ഓഫീസുകള്‍ കയറിയിറങ്ങുന്നവരുടെ കഷ്ടപ്പാടുകളും അവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും കണ്ടറിയാനുള്ള മനസ്സ് ഉദ്യോഗസ്ഥര്‍ക്കുണ്ടായെങ്കില്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ.