സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Posted on: June 27, 2017 2:03 pm | Last updated: June 27, 2017 at 7:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊച്ചിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ ബസിനുമുകളില്‍ മരം വീണു. കുട്ടികളും ബസ് ജീവനക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഏനാത്ത് ബെയ്‌ലി പാലത്തിനുസമീപം കാറിനുമുകളില്‍ മരം വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. താമരശേരി ചുരത്തിലെ ഒന്‍പതാംവളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. വയനാട്ടിലേക്ക് തിരിച്ച മന്ത്രി വിഎസ് സുനില്‍കുമാറും ഗതാഗതക്കുരുക്കില്‍പെട്ടു.

ഇടുക്കി, മുല്ലപ്പെരിയാര്‍, മലങ്കര അണക്കട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. തൊടുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് അതിശക്തമായ മഴക്കും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ന് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ദീര്‍ഘദൂര യാത്രകള്‍ ഒഴിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.