പാക്കിസ്ഥാനിലെ എണ്ണ ടാങ്കര്‍ അപകടം: മരണ സഖ്യ 150 കടന്നു

Posted on: June 26, 2017 12:46 pm | Last updated: June 26, 2017 at 3:54 pm

ലാഹോര്‍: കിഴക്കന്‍ പാക്കിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 153 ആയി. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരില്‍ നിയന്ത്രണം വിട്ട എണ്ണ ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ 90ഓളം പേര്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് ഒഴുകിയ എണ്ണ ശേഖരിക്കാനെത്തിയ പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് നാല്‍പ്പതിനായിരം ലിറ്റര്‍ എണ്ണയുമായി പോകുകയായിരുന്ന ടാങ്കറാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ടാങ്കറില്‍ നിന്ന് എണ്ണ ശേഖരിക്കാനെത്തിയത്. അപകടം നടന്ന് നാല്‍പ്പത് മിനുട്ടുകള്‍ക്ക് ശേഷമാണ് വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടമുണ്ടായതിന് സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് നാട്ടുകാര്‍ ബൈക്കുകളില്‍ വരെ എണ്ണ ശേഖരിക്കാനെത്തിയിരുന്നതായി മേഖലയിലെ പോലീസ് മേധാവി അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് അവഗണിക്കുകയായിരുന്നു.
എണ്ണ ശേഖരിക്കാനെത്തിയവരിലൊരാളുടെ സിഗരറ്റില്‍ നിന്നാണ് തീപിടിച്ചതെന്നും സംശയമുണ്ട്. ആറ് കാറും പന്ത്രണ്ട് ബൈക്കും സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നു. ടാങ്കര്‍ ഡ്രൈവറെ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തു. രണ്ട് മണിക്കൂറോളം എടുത്താണ് തീയണക്കാനായത്.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും ബഹാവലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരില്‍ നാല്‍പ്പത് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ പരിശോധനക്കായി മുള്‍ത്താനിലെ ആശുപത്രിയിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടത്തെ സഹായിക്കാന്‍ സൈന്യത്തിന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ നിര്‍ദേശം നല്‍കി. ഗുരുതരമായി പരുക്കേറ്റവരെ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകളിലാണ് മുള്‍ത്താനിലെ ആശുപത്രിയിലേക്ക് മാറ്റിയത്.