രഹാനെയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: June 26, 2017 10:55 am | Last updated: June 26, 2017 at 10:55 am
സെഞ്ച്വറി നേടിയ രഹാനെ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന്റെയും മികച്ച പ്രകടനമാണ് വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. 81 റണ്‍സെടുത്ത ഷായി ഹോപ്പ് വിന്‍ഡീസിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

നേരത്തെ, ഓപണിംഗ് ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 104 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ രഹാനെ 103 റണ്‍സ് നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (87), ശിഖര്‍ ധവാന്‍ (63), എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ധവാനും രഹാനെയും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ധവാന്‍- കോഹ്‌ലി കൂട്ടുകെട്ട് 97ഉം റണ്‍സെടുത്തു. രഹാനെയാണ് കളിയിലെ താരം. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.