ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവം: പള്‍സര്‍ സുനിയുടെ രണ്ട് സഹതടവുകാര്‍ അറസ്റ്റില്‍

Posted on: June 26, 2017 10:35 am | Last updated: June 26, 2017 at 1:55 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറെ രഹസ്യമായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവക്ക് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ദീലിപിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പള്‍സര്‍ സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്റെ മാനേജരെയും സംവിധായകന്‍ നാദിര്‍ഷായെയും ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് പോലീസ് കരുതുന്നത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.