Connect with us

Gulf

11 രാജ്യങ്ങളില്‍ 49 ലക്ഷത്തിന്റെ ഇഫ്താറൊരുക്കി ഖത്വര്‍ റെഡ്ക്രസന്റ്

Published

|

Last Updated

ദോഹ: 49 ലക്ഷം ഖത്വര്‍ റിയാല്‍ ചെലവഴിച്ച് പതിനൊന്ന് രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പ്രയോജനപ്പെടന്ന രീതിയില്‍ ഇഫ്താറൊരുക്കി ഖത്വര്‍ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്). ജോര്‍ദാന്‍, യമന്‍, അഫ്ഗാനിസ്താന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലെ 78,837 നിര്‍ധനര്‍ക്കാണ് ഇഫ്താര്‍ ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത്.
ജോര്‍ദാനിലെ അമ്മാന്‍, ഇര്‍ബിദ്, സര്‍ഖ, മദാബ എന്നിവിടങ്ങളിലെ 45,920 സിറിയന്‍, ജോര്‍ദാന്‍ പൗരന്മാര്‍ക്കായി 37,000 ഡോളറിന്റെ ഭക്ഷ്യസഹായമാണ് വിതരണം ചെയ്തത്. ഇതില്‍ 500 ഭക്ഷ്യ കിറ്റുകളും 8,420 ഇഫ്താര്‍ ഭക്ഷണവും ഉള്‍പ്പെടുന്നു. പ്രാദേശിക, രാജ്യാന്തര ചാരിറ്റി സംഘടനകളുമായി സഹകരിച്ചായിരുന്നു ഖത്വര്‍ റെഡ്ക്രസന്റ് ഇവിടങ്ങളില്‍ സഹായവിതരണം നടപ്പാക്കിയത്. യമനില്‍ 2,631 കുടുംബങ്ങളിലായി 18,417 പേര്‍ക്കാണ് ഒരു ലക്ഷം ഡോളറിന്റെ ഭക്ഷ്യസഹായം നല്‍കിയത്. തെയ്‌സ്, അമാനാത്ത് അല്‍ അസിമ എന്നിവിടങ്ങളിലെ അനാഥര്‍, വിധവകള്‍, അംഗപരിമിതര്‍, കാഴ്ചയില്ലാത്തവര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായാണ് സഹായം നല്‍കിയത്. അഫ്ഗാനിസ്ഥാനില്‍ ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യസഹായം നല്‍കിയത്. നുറിസ്താന്‍, ബദഖ്ഷന്‍, ഹെല്‍മന്ദ് എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ധാന്യം, അരി, ഭക്ഷ്യ എണ്ണ, ബിന്‍സ്, പഞ്ചസാര, പാല്‍, തേയില, ഉപ്പ് തുടങ്ങിയ അവശ്യ ഉത്പന്നങ്ങള്‍ അടങ്ങുന്ന 89 കിലോ വരുന്ന കിറ്റാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. അഫ്ഗാന്‍ റെ്ഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചായിരുന്നു സഹായവിതരണം. അനാഥര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായിരുന്നു ഊന്നല്‍.

അതിനിടെ, ഖത്വര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ അല്‍ഖോര്‍ ബ്രാഞ്ചിന്റെ റമസാന്‍ ചാരിറ്റി ക്യാമ്പയിന്റെ പ്രയോജനം 1255പേര്‍ക്ക് ലഭിച്ചു. അല്‍ ഖോര്‍, അല്‍ ശമാല്‍ മേഖലയിലുള്ളവരാണ് ക്യാമ്പയിന്റെ ഗുണഭോക്താക്കള്‍. സാമൂഹികവും ആരോഗ്യപരവും പൊതുക്ഷേമപരവുമായ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റമസാന്‍ തുടങ്ങുന്നതിനു മുമ്പ് ചെറിയ വരുമാനക്കാരായ 245 കുടുംബങ്ങള്‍ക്ക് ഭക്ഷ്യപാക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. റമസാനിലെ ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമായ ഉത്പന്നങ്ങളാണ് പാക്കറ്റുകളിലുണ്ടായിരുന്നത്. അരി, പഞ്ചസാര, പാചകയെണ്ണ, പാല്‍ എന്നിവയുള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ പാക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോട് മാനുഷിക ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച ഖത്വര്‍ റെഡ്ക്രസന്റിനോട് നന്ദിയുണ്ടെന്ന് ഗുണഭോക്താക്കള്‍ പ്രതികരിച്ചു. അര്‍ഹരായ 110 കുടുംബങ്ങള്‍ക്കും അനാഥര്‍ക്കും ഫിത്വര്‍ സക്കാത്തും ഈദ് സ്‌റ്റൈപ്പന്റും ഖത്വര്‍ റെഡ്ക്രസന്റ് വിതരണം ചെയ്തു. 90,000 ഖത്വര്‍ റിയാലാണ് ഇതിനായി ചെലവഴിച്ചത്. ജനങ്ങളില്‍ ആരോഗ്യബോധവത്കരണം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പള്ളികള്‍ കേന്ദ്രീകരിച്ച് സൗജന്യ ആരോഗ്യപരിശോധനയും നടത്തിയിരുന്നു. വ്രതമെടുക്കുന്നതിന്റെ ആരോഗ്യപരമായ ഗുണഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി. അല്‍ ഖോറിലെ തവാസുല്‍ പാര്‍ക്കില്‍ ഖത്വര്‍ ചാരിറ്റിയുമായി സഹകരിച്ച് കുട്ടികള്‍ക്കായി ഗരന്‍ഗാവോ ആഘോഷങ്ങളും സംഘടിപ്പിച്ചു. അല്‍ ഖോര്‍ മാളില്‍ ഈദ് ചാരിറ്റിയുടെ ഖത്വര്‍ ഗസ്റ്റ് സെന്ററിന്റെ റമസാന്‍ ടെന്റ് പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചു.

 

Latest