ദിലീപിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്‌തേക്കും

Posted on: June 25, 2017 5:15 pm | Last updated: June 25, 2017 at 5:15 pm

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ വഴിത്തിരിവ് സിനിമാക്കാഥയെയും വെല്ലുന്ന വിധത്തില്‍ മുന്നേറുന്നു. ഓരോ ദിവസവും കേസിലെ ഘട്ടങ്ങള്‍ മാറിമറിയുകയാണ്.ഇതിന്റെ ഭാഗമായി ദിലീപിനെ രണ്ടുദിവസത്തിനകം ചോദ്യം ചെയ്‌തേക്കും.

ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാരോപിച്ച് ദിലീപ് നല്‍കിയ കേസില്‍ വിഷ്ണു പൊലീസ് കസ്റ്റഡിയിലാണ്. പള്‍സര്‍ സുനി എഴുതിയതാണെന്ന് പറഞ്ഞ് കത്ത് ദിലീപിന്റെ അടുത്തെത്തിച്ചത് വിഷ്ണുവാണ്. അയാള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചിരുന്നു. നടിയെ ആക്രമിക്കാന്‍ പണം നല്‍കിയത് ദിലീപാണെന്ന് പറഞ്ഞാല്‍ വന്‍ തുക ലഭിക്കുമെന്നും ദിലീപിന്റെ പേര് ഈ കേസില്‍ വലിച്ചിഴക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് ദിലീപ് കോള്‍ റെക്കോഡുകളും കത്തുമടക്കം പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് പൊലീസ് ദിലീപിനോടും നാദിര്‍ഷയോടും ആവശ്യപ്പെട്ടിട്ടുണ്ട്.